നമ്മൾ മലയാളികൾക്ക് അധികം പരിചയമുള്ള ഭക്ഷണം അല്ല വടാപാവ്. മലയാളികൾക്ക് പൊറോട്ട പോലെയാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്കാരെ സംബന്ധിച്ചിടത്തോളം വടാപാവ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് വടാപാവ്. പാവ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രെഡ് രണ്ടായി മുറിച്ച് നടുവിൽ വറുത്ത ഉരുളക്കിഴങ്ങുകൊണ്ട് തയ്യാറാക്കിയ ഉരുള നിറച്ച് രണ്ട് മൂന്ന് തരം ചട്നികൾ ചേർത്താണ് വടാപാവ് തയ്യാറാക്കുന്നത്. ഗാർണിഷിംഗിനായി തേങ്ങാ ചിരകി വറുത്തതും എണ്ണയിലിട്ട് മൂപ്പിച്ച പച്ചമുളകും ചേർത്താൽ വടാപാവ് റെഡി.
അതേസമയം, വടാപാവിൽ കാലാകാലങ്ങളായി നൂതന വെറൈറ്റികൾ പരീക്ഷിക്കാൻ പല വ്യാപാരികളും ശ്രമിച്ചിട്ടുണ്ട്. ഈ പരീക്ഷണത്തിന്റെ ഫലമായിട്ടാണ് ക്വാസാൻസ് വടാ പാവ് തയ്യാറാക്കിയത്. ക്വാസാൻസ് ഒരു ഫ്രഞ്ച് വിഭവമാണ്. ചന്ദ്രക്കലയുടെ രൂപത്തിലുള്ള ഒരു തരം റൊട്ടിയാണ് ഫ്രഞ്ച് റോൾ എന്നും അറിയപ്പെടുന്ന ക്വാസാൻസ്. ഈസ്റ്റേൺ കോണ്ടിനെന്റൽ ഭക്ഷണരീതിയിലെ പ്രധാനിയായ ക്വാസാൻസ് മുംബൈയുടെ ഹൃദയമിടിപ്പായ വടാപാവിലെ വടയും ചേർത്തുണക്കിയ ഫ്യൂഷൻ ഫുഡാണ് ക്വാസാൻസ് വടാ പാവ്.
@iSudatta എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് ഫുഡ് ഡെലിവറി ആപ്പിൽ നിന്നുള്ള ക്വാസാൻസ് വടാ പാവിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രണ്ടായി മുറിച്ച ക്വാസാൻസിന്റെ ഇടയിലായി ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ വട ക്രമീകരിച്ച് ഒപ്പം എരിവുള്ള നിലക്കടലയുടെ പൊടിയും ചേർത്തിട്ടുണ്ട്. പുതിന ചട്നിയും നാരങ്ങയുടെ ഒരു കഷ്ണവും രണ്ട് പൊരിച്ച മുളകും കൂടെ ചേർന്നാൽ ക്വാസാൻസ് വടാ പാവ് റെഡി.
കന്റീൻ ക്വാറന്റീനോ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവ് ഐസ്ക്രീം വടാപാവിന്റെ വീഡിയോ അടുത്തിടെ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പാവിൽ പലതരം സിറപ്പുകൾ ചേർക്കുന്നത് കാണാൻ കഴിയും. ശേഷം വാനില ഐസ്ക്രീമിന്റെ ഒരു സ്കൂപ്പ് പാവിന്റെ ഇടയിൽ ചേർക്കുന്നു. തുടർന്ന് പല നിറങ്ങളിലുള്ള സിറപ്പുകളും ട്യൂട്ടി ഫ്രൂട്ടും ചേർക്കുന്നതോടെ ഐസ്ക്രീം വടാപാവ് റെഡി. ഐസ് ക്രീം വടാപാവ് ഗുജറാത്തിലാണ് ലഭിക്കുന്നത്. മുംബൈയുടെ വടാപാവിന് ഗുജറാത്തിന്റെ മറുപടി എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.