ന്യൂഡൽഹി: ഇൻഷ്വറൻസ് സേവനത്തിലെ അപാകതകൾ സംബന്ധിച്ച് പോളിസി ഉടമകൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ഇൻഷ്വറൻസ് ഓംബുഡ്സ്മാൻ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു.
പരാതികൾ സമയബന്ധിതമായും കുറഞ്ഞചെലവിലും പരിഹരിക്കലാണ് ലക്ഷ്യം.
ഇൻഷ്വർ ചെയ്യുന്ന വ്യക്തികൾ,സ്ഥാപനങ്ങൾ, ഏജന്റുമാർ, ബ്രോക്കർമാർ, മറ്റ് ഇടനിലക്കാർ എന്നിവരുടെ സേവനത്തിലെ അപാകതകൾ സംബന്ധിച്ച തർക്കങ്ങളിൽ ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്ന പരാതികളുടെ വ്യാപ്തി നിയമ ഭേദഗതിയോടെ വർദ്ധിച്ചു.
പരാതികളുടെ തൽസ്ഥിതി ഓൺലൈനിൽ അറിയാൻ സാധിക്കുന്ന സംവിധാനം ഇതോടെ സംജാതമാകും.വാദം കേൾക്കുന്നതിനായി ഓംബുഡ്സ്മാന് വീഡിയോ കോൺഫറൻസിംഗ് ഉപയോഗിക്കാനാകും. ഒഴിവുള്ള ഘട്ടത്തിൽ മറ്റൊരു ഓംബുഡ്സ്മാന് അധിക ചാർജ് നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഓംബുഡ്സ്മാൻ നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയുക്ത വ്യക്തികളുടെ സ്വതന്ത്രമായ പ്രവർത്തനം സാധ്യമാക്കുന്നതിനും നിരവധി ഭേദഗതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.