കൊച്ചി: ഒരു കേസിൽ കൊലക്കുറ്റം ചുമത്തിയ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ തനിക്കെതിരെ വിചാരണക്കോടതി രണ്ടു കുറ്റങ്ങളും ചുമത്തിയതിനെ ചോദ്യംചെയ്ത് നെല്ലനാട് സ്വദേശി രാജേഷ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.ഭാര്യയെ വീട്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഹർജിക്കാരന്റെ വാദം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഹർജിക്കാരൻ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കണ്ടെത്തി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എന്നാൽ മരിക്കുന്നതിനു മുമ്പ് യുവതിക്ക് കഠിനമായി മർദനമേറ്റിരുന്നെന്നും നെഞ്ചിലുണ്ടായ മുറിവാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കൊലക്കുറ്റംകൂടി ചുമത്തി. വിചാരണക്കോടതി രണ്ടു കുറ്റങ്ങളും ചുമത്തി തുടർനടപടി സ്വീകരിച്ചതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്.ഒരാളെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവൃത്തി മരണത്തിന് കാരണമാകുമ്പോഴാണ് കൊലക്കുറ്റം നിലനിൽക്കുക. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെങ്കിൽ വ്യക്തി ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വിചാരണക്കോടതിയുടെ നടപടി റദ്ദാക്കി വീണ്ടും കുറ്റം ചുമത്താൻ നിർദേശിച്ചു.