ന്യൂഡൽഹി : ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത തീരുമാനങ്ങൾ യാതൊരു സൂചനയും നൽകാതെ ടെലിവിഷനിലൂടെ പ്രഖ്യാപിക്കുന്ന ശീലമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ളത്. നോട്ട് നിരോധനത്തിൽ തുടങ്ങിയ ഈ ശൈലി പലപ്പോഴും വീണ്ടും അദ്ദേഹം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ലോക്ഡൗൺ പ്രഖ്യാപനം. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊവിഡിനെ എങ്ങനെ നേരിടണമെന്ന് ആരോഗ്യ വിദഗ്ദ്ധർക്ക് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന സമയത്താണ് ലോക്ഡൗൺ രാജ്യമെമ്പാടും പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. 2020ൽ ഇന്ത്യൻ മിനിസ്ക്രീനിൽ നിറഞ്ഞുനിന്ന വ്യക്തിത്വം മോദിയായിരുന്നു എന്ന റിപ്പോർട്ട് പങ്കുവയ്ക്കുകയാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) 2019 - 20 ലെ വാർഷിക ടിവി വ്യൂവർഷിപ്പ് റിപ്പോർട്ടിലൂടെ .
2020ലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം മുൻവർഷത്തേക്കാൾ ഏറെ പ്രേക്ഷകരെ സ്വാധീനിച്ചു. 133 ദശലക്ഷം പ്രേക്ഷകരാണ് രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള മോദിയുടെ പ്രസംഗം ടെലിവിഷനിലൂടെ കണ്ടത്. മുൻ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തെ അപേക്ഷിച്ച് 40 ശതമാനമാണ് വർദ്ധനയുണ്ടായത്.
2020 മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ലഭിച്ചതിലും വലിയ സ്വീകാര്യതയാണ് അതിന് ശേഷം അദ്ദേഹം നടത്തിയ അഭിസംബോധനകൾക്ക് ലഭിച്ചത്. ദീപങ്ങൾ തെളിച്ച് കൊവിഡ് മുന്നണി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗ സമയത്ത് മറ്റു ടി വി പരിപാടികളുടെ കാഴ്ചക്കാരിൽ 60 ശതമാനം ഇടിവാണുണ്ടായത്.
എന്നാൽ മോദി നടത്തിയിട്ടുള്ള ടിവി ലൈവ് പ്രസംഗങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ചത് 2020 ഏപ്രിലിൽ അദ്ദേഹം രാജ്യത്തോട് നടത്തിയ അഭിസംബോധനയായിരുന്നു. 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ഈ പ്രസംഗത്തിന് 203 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉണ്ടായത്.
ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ എന്റർടൈൻമെന്റ് , മൂവി, കിഡ്സ് ചാനലുകളിൽ പ്രകടമായി പ്രേക്ഷകരുടെ കുറവ് രേഖപ്പെടുത്തിയതായും കണ്ടെത്തി. വാർത്താ ചാനലുകളുടെ കാഴ്ചാസമയം മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലോക്ഡൗൺ കാലഘട്ടത്തിൽ 'രാമായണം', 'മഹാഭാരതം' എന്നീ സീരിയലുകൾ വീണ്ടും സംപ്രേഷണം ചെയ്യുക വഴി ദൂരദർശൻ മുൻ വർഷത്തേ അപേക്ഷിച്ച് കൂടുതൽ വാച്ച് ടൈം സ്വന്തമാക്കുകയും ചെയ്തു.