കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ പറയ്ക്കോട്ട് കോളനിയിൽ പുലിയിറങ്ങിയെന്ന് സംശയം. ബുധനാഴ്ച രാത്രി 7.30ഓടെയാണ് കോളനി നിവാസികളിൽ ചിലർ പുലിയെ കണ്ടെന്ന് വനംവകുപ്പിനെ അറിയിച്ചത്. പറയ്ക്കോട് കോളനിയിൽ വിഷ്ണുവനിൽ എസ്. ഗിരിജ, സഹോദരി മഞ്ചു, അയൽവാസി ലീല എന്നിവരാണ് പുലിയെ കണ്ടതായി പറയുന്നത്.
ഗിരിജ രാത്രി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ അലർച്ച കേട്ടതായി തോന്നിയതിനെ തുടർന്ന് സഹോദരി മഞ്ചുവിനെയും അയൽവാസി ലീലയെയും വിളിച്ചു. ഇവർ ലൈറ്റുമായി വീടിന് സമീപത്ത് പരിശോധന നടത്തുമ്പോൾ പുലിയോട് സാമ്യമുള്ള ഒരു ജീവി പന്നികൾക്ക് നേരെ പാഞ്ഞടുക്കുന്നതായി കണ്ടു. ടോർച്ചിന്റെ വെളിച്ചം ഈ കണ്ണിൽ പതിച്ചതോടെ ജീവി കാട്ടിലേക്ക് മറയുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിശദമായ പരിശോധനയിൽ മണലിൽ പതിഞ്ഞ ജീവിയുടെ കാല്പാടുകൾ കണ്ടെത്തിയെങ്കിലും ഏത് ജീവിയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പ്രദേശത്ത് പലയിടത്തായി വനംവകുപ്പ് കാമറകൾ സ്ഥാപിക്കും. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു. ജീവി ഏതെന്ന് കണ്ടെത്തുന്നതുവരെ പ്രദേശവാസികൾ രാത്രികാല സഞ്ചാരം ഒഴിവാക്കണമെന്നും പുലർച്ചെയുള്ള റബർ ടാപ്പിംഗ് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് പുലിയെ കണ്ടെന്ന വാർത്ത നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.