SignIn
Kerala Kaumudi Online
Wednesday, 12 May 2021 7.36 AM IST

ലവ് ജിഹാദിന്റെ രാഷ്ട്രീയം

love-jihad-

സംഘപരിവാർ നിരന്തരം നടത്തുന്ന 'ലവ് ജിഹാദ് ' എന്ന വർഗീയ പ്രചാരണത്തിന് ആശയപരമായോ താത്വികമായോ ഒരടിത്തറയുമില്ല. യാഥാസ്ഥികരായ ഹിന്ദുക്കളിൽ കടുത്ത മുസ്ലീംവിരോധം സൃഷ്ടിച്ച് രാജ്യത്ത് ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിക്കൽ മാത്രമാണ് 'ലവ് ജിഹാദ് ' പ്രചാരകർ നിർവഹിക്കുന്നത്. ഇന്ത്യയെന്നാൽ ഹിന്ദുമത വിശ്വാസികളുടെ മാത്രം മാതൃരാജ്യമാണെന്നും മുസ്ലീം ജനതയ്ക്ക് ഹിന്ദുരാഷ്ട്രത്തിൽ എന്തവകാശം എന്നുമുള്ള ഹീനമായ പ്രശ്നമാണ് ലവ് ജിഹാദ് വിരുദ്ധ മുദ്രാവാക്യം പ്രചരിപ്പിച്ചുകൊണ്ട് ഉന്നയിക്കുന്ന ചോദ്യം. മുസ്ലീം യുവാക്കൾ ഹിന്ദുമത വിശ്വാസികളായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി വിവാഹം കഴിക്കുന്ന പ്രവണത നിരന്തരം നടത്തുന്നതായി ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നു.

ബി.ജെ.പി. ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഇതിനകം തന്നെ 'ലൗ ജിഹാദ്' നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്തരം നിയമനിർമാണങ്ങൾ. ഒരു പൗരന് തനിക്കിഷ്ടപ്പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. യു.പി.സർക്കാർ ഇപ്രകാരമുള്ള നിയമനടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭമെന്ന നിലയിൽ ഓർഡിനൻസ് പാസാക്കി . ഹരിയാന, മദ്ധ്യപ്രദേശ്, അസ്സാം, കർണാടക എന്നീ സംസ്ഥാനങ്ങളും യു.പി. സർക്കാരിന്റെ പാത പിന്തുടരാനുള്ള നടപടികളാരംഭിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനി ലവ് ജിഹാദ് വിരുദ്ധ പ്രസ്ഥാനത്തിന് ശക്തിപകരുന്ന വിധം "സ്ത്രീസംരക്ഷണവും അവരുടെ അവകാശങ്ങളും സുരക്ഷിതമാക്കുന്നതാണ് ലവ് ജിഹാദ് നിരോധനനിയമം എന്ന പ്രസ്താവനയും നടത്തി. 2017 നവംബറിൽ സുപ്രീംകോടതിയിലെത്തിയ ഹാദിയ എന്ന പെൺകുട്ടി ചീഫ് ജസ്റ്റിസിന്റെ മുമ്പിൽ നൽകിയ മൊഴിയും ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. ''ഞാൻ ഇസ്ലാം മതം സ്വീകരിച്ചു. “ഷഫീൻ ജഹാൻ" എന്ന വ്യക്തിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു. എന്നാൽ എന്റെ പിതാവ് വിവാഹത്തെ ചോദ്യം ചെയ്ത് കോടതിയിലെത്തി. മകളെ ബലംപ്രയോഗിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിച്ചെന്നാണ് പിതാവിന്റെ പരാതി ''.

"പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹിതരാകുന്നത് അവരുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയിൽ സംസ്ഥാനത്തിന് ഇടപെടാൻ അധികാരമില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ നേർക്കുള്ള കൈയേറ്റം നിയമവിരുദ്ധമാണ്, ” ചീഫ് ജസ്റ്റിസിന്റെ ഇൗ വിധിയോടെ കേസ് തള്ളിക്കളയുകയാണുണ്ടായത്. സുപ്രീം കോടതിയുടെ വിധി പരിഗണിക്കാതെ യു.പി. സർക്കാർ രാജ്യത്താദ്യമായി നവംബർ 24-ന് ഇപ്രകാരം ഒരു ഓർഡിനൻസ് പാസാക്കി. 'നിയമവിരുദ്ധമായ മതപരിവർത്തനം' (നിരോധന നിയമം) 2020”- ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തിയുള്ള വിവാഹം കുറ്റകരവും ശിക്ഷാർഹവുമാണ്, പത്തുവർഷം തടവും പിഴയുമായിരിക്കും ശിക്ഷ.

ഹിന്ദുമതത്തിൽപ്പെട്ട പെൺകുട്ടികളെ ബലം പ്രയോഗിച്ച് മുസ്ലീം മതത്തിലേക്ക് പരിവർത്തനപ്പെടുത്തുന്ന പ്രക്രിയ രാജ്യത്ത് വ്യാപകമാണെന്ന നുണപ്രചാരണം വിശ്വഹിന്ദു പരിക്ഷത്തും ആർ.എസ്.എസും തുടരുന്നു. എന്നാൽ നാഷണൽ ക്രൈം റെക്കാഡ്സിന്റെ ഔദ്യോഗിക കണക്കുകളിലൊരിടത്തും ഇപ്രകാരം തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നതായി രേഖപ്പെടുത്തി കാണുന്നില്ല. മറ്റൊരു പ്രചാരണം ജനസംഖ്യാനുപാതത്തിൽ ഹിന്ദു ജനസംഖ്യ കുറയുന്നെന്നും മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നു എന്നുമാണ്. ഈ വാദത്തിന് ഒരടിസ്ഥാനവുമില്ലെന്ന് അടുത്ത കാലത്ത് നടന്ന സെൻസസ് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.

2011-ലെ സെൻസസ് അനുസരിച്ച് 21 സംസ്ഥാനങ്ങളിൽ 70 ശതമാനം മുതൽ 95 ശതമാനം വരെ ഹിന്ദുക്കളാണെന്ന് ചൂണ്ടികാണിക്കുന്നു. ലക്ഷദ്വീപിലും അവിഭക്ത ജമ്മു - കാശ്മീരിലും 60 ശതമാനം മുതൽ 70 ശതമാനം വരെ മുസ്ലീം വിഭാഗക്കാരാണെന്ന വസ്തുതയും സെൻസസിലൂടെ വെളിപ്പെടുത്തുന്നു. വസ്തുതകളെ തമസ്‌കരിച്ചു കൊണ്ട് ചില മാദ്ധ്യമങ്ങൾ "ഹിന്ദു വിഭാഗം 80 ശതമാനത്തിലേയ്ക്ക് ചുരുങ്ങുന്നു" ഹിന്ദു ജനസംഖ്യ വല്ലാതെ കുറയുന്നു, മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നു എന്ന മട്ടിലുള്ള അതിശക്തമായ പ്രചാരണം സംഘടിപ്പിക്കുന്നു. ഈ വിധം മതവികാരം ഇളക്കിവിടുന്നത് രാജ്യത്ത് കലാപങ്ങൾക്കുള്ള വഴി തുറക്കലായിരിക്കും.

'ലവ് ജിഹാദിന്റെ പേരിൽ രാജ്യത്ത് മിശ്രവിവാഹങ്ങളെയും തടസപ്പെടുത്തുന്നു. ഭരണഘടനാവിരുദ്ധവും നീചവുമായ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണം. പ്രായപൂർത്തിയായാൽ പുരുഷന് തനിക്കിഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഈ അവകാശം പ്രായപൂർത്തിയായ സ്ത്രീകൾക്കും ബാധകമാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ഒരു സമാന്തര സർക്കാരായി പ്രവർത്തിക്കാനുമുള്ള അവകാശം ഗ്രാമത്തലവനും നാട്ടുപ്രമാണിയ്ക്കും വിട്ടുകൊടുത്താൽ രാജ്യത്ത് അരാജകത്വം നടമാടും. ഭരണഘടനയും, കോടതികളും നിഷ്പ്രഭമാകും.

പുരുഷന്റേയോ സ്ത്രീയുടേയോ രക്ഷകർത്താക്കൾക്ക് സമ്മതമല്ലെങ്കിൽ പരമാവധി പുത്രനെന്നോ പുത്രിയെന്നോ ഉള്ള ബന്ധം നിഷേധിക്കാം. അതിനപ്പുറം അവരെ ഭീഷണപ്പെടുത്താനോ ദേഹോപദ്രവം ഏല്പിക്കാനോ മറ്റൊരുതരത്തിലും അവരെ നേരിടാനോ പാടില്ല. മതം മാറി വിവാഹിതരായവർക്കും ജാതി മാറി വിവാഹിതരായവർക്കും ഇതു ബാധകമാണ്" ഇതായിരുന്നു "ലതാസിംഗ് യു.പി.സ്റ്റേ" എന്ന കേസിന്റെ വിധി. നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന "ലവ് ജിഹാദിന്റെ പേരിലുള്ള കൊലവിളികളുടെ ഇരകളായി കൊലചെയ്യപ്പെട്ടവരുടെ കണക്ക് നാഷണൽ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ട്. 2014 – 2016 കാലയളവിൽ ദുരഭിമാനക്കൊലപാതകങ്ങൾ 288 ആണ്. ഇത്തരം കൊലപാതകങ്ങളിൽ പലപ്പോഴും സംസ്ഥാന സർക്കാരുകളുടെ പങ്കും തെളിയിക്കപ്പെടുന്നു. 'ലവ് ജിഹാദ് ' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സാമുദായിക ധ്രുവീകരണമാണ്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബി.ജെ.പി. സർക്കാർ നേതൃത്വം നല്‍കുന്ന ഹീനമായ തന്ത്രമാണ് ലവ് ജിഹാദിന്റെ പേരിൽ നടത്തുന്ന വ്യാജപ്രചാരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOVE JIHAD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.