SignIn
Kerala Kaumudi Online
Thursday, 19 September 2024 9.50 AM IST

സംസ്ഥാനത്ത് മുങ്ങിമരണങ്ങളിൽ വർദ്ധന ഒന്നര മാസത്തിനിടെ മരിച്ചത് 101 പേർ  അധികവും തിരുവനന്തപുരത്തും കൊല്ലത്തും

Increase Font Size Decrease Font Size Print Page

drown

തിരുവനന്തപുരം : കടലും കായലും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുംകൊണ്ട് സുന്ദരമായ കേരളത്തിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരനുൾപ്പെടെ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം നിരവധിപേരാണ് ജലദുരന്തങ്ങൾക്കിരയായത്. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ മുങ്ങി മരിച്ചത് 101 പേരെന്ന് ഫയർ ഫോഴ്സിന്റെ കണക്കുകൾ. 142 പേർ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടപ്പോൾ 41 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിലെ കണക്കാണിത്.

ഇതിൽ അഞ്ചു വയസുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ 18 വയസിൽ താഴെയുള്ളവരാണ്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ. 16 പേർ വീതം. എറണാകുളത്തും കണ്ണൂരും 10 പേർ വീതവും മരിച്ചു. കൊല്ലത്ത് കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങിയും വെള്ളച്ചാട്ടങ്ങളിലും കായലിലും കാൽവഴുതിയും കുളിക്കാനിറങ്ങിയും അപകടത്തിൽപ്പെട്ടും മരിച്ചവരാണ് ഏറെയും.

അപകട സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനാണ് ഫയർ ഫോഴ്സിന്റെ തീരുമാനം.

ജലാശയങ്ങളുടെ ദേശമായ ആലപ്പുഴയിൽ ഈ വർഷം ഇതുവരെ 45 പേരുടെ ജീവനാണ്‌ പൊലിഞ്ഞത്‌. കഴിഞ്ഞവർഷം ആകെ മരിച്ചത്‌ 57 പേരും. 2010ൽ ഇത്‌ 51 ആയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 1011 പേർ മരിച്ചു. ഇതിൽ 844 പുരുഷന്മാരും 167 സ്‌ത്രീകളുമാണ്. 50 വയസ്സിന് മുകളിലുള്ളവരാണ്‌ മരിച്ചവരിൽ ഭൂരിഭാഗവും. പട്ടികയിൽ രണ്ടാമതുള്ളത്‌ 41-50 വയസുകാരാണ്‌ . മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ആലപ്പുഴയിൽ നീർത്തടം ഏറെയാണ്‌. ജീവിതവൃത്തിക്കായി കടലിനെയും കായലിനെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം. സെപ്തംബർ രണ്ടിന്‌ അഴീക്കലിൽ ബോട്ട്‌ മറിഞ്ഞ്‌ ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളായ നാല്‌ മത്സ്യത്തൊഴിലാളികളാണ്‌ മരിച്ചത്‌.കഴിഞ്ഞദിവസം ഓമനപ്പുഴ പൊഴിക്ക്‌ സമീപം കളിക്കുന്നതിനിടെ സഹോദരങ്ങളായ രണ്ട്‌ കുട്ടികളും മുങ്ങിമരിച്ചു. ജനുവരിമുതൽ സെപ്തംബർ 17 വരെയുള്ള കണക്കുപ്രകാരം ജലാശയങ്ങളിൽ 75 അപകടമുണ്ടായി. മൂന്ന് കുട്ടികളുൾപ്പടെ 62 പേർ മരിച്ചു. കഴിഞ്ഞ വർഷം 120 അപകടങ്ങളിൽ നാലു കുട്ടികൾ ഉൾപ്പടെ 92 പേർ മരിച്ചു. അപകടം തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുക്കണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്.

വിനോദസഞ്ചാരികളും കുളിക്കാനിറങ്ങുന്ന യുവാക്കളും കുട്ടികളും അപകടത്തിൽപ്പെടുന്നുണ്ട്‌.ക്വാറികളിലെ വെള്ളക്കെട്ടുകളിലും അപകടങ്ങൾ പതിവാണെന്നാണ് വിലയിരുത്തൽ. കൊവിഡ് പ്രതിസന്ധി കാരണം പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടിയായെങ്കിലും പരിഹാരമാകുമെന്നാണ് ഫയർഫോഴ്സിന്റെ പ്രതീക്ഷ.

#മദ്യം അരുത്‌

കായൽ വിനോദസഞ്ചാരികളുടെ മുങ്ങിമരണം സമീപകാലത്ത്‌ വർദ്ധിച്ചിട്ടുണ്ട്‌. മദ്യത്തിന്റെ അകമ്പടിയോടെയുള്ള കായൽയാത്രയാണ്‌ പല മുങ്ങിമരണങ്ങൾക്കും കാരണമാകുന്നത്‌.

#റോഡല്ല, ജലാശയം

റോഡപകടങ്ങൾ പോലെയല്ല ജലാശയങ്ങളിലെ ദുരന്തം. വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാൽ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാറുണ്ട്‌. എന്നാൽ വെള്ളത്തിൽ മുങ്ങിയവരെ പുറത്തെടുത്താലും ജീവൻ നഷ്‌ടമായ അവസ്ഥയിലാണ്. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കാറുണ്ട്.

#ആഴവും ചെളിയും 
അപകടകാരണം

ജലാശങ്ങളിലെ ആഴം, ചെളി എന്നിവയാണ്‌ പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്‌. നീന്തൽ അറിയാതെ കൗതുകത്തിനായി വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.

# 
മുൻകരുതൽ

1.കിണറുകളിൽ നിർബന്ധമായും ആൾമറ നിർമ്മിക്കണം.

2.നീന്തൽ വശമില്ലാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്.

3.ജലയാത്രകൾ ഇരുന്നുമാത്രം.

4.അപസ്മാരം, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.

5.വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കരുത്.

6.മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തലവശത്തേക്ക് ചരിച്ചുകിടത്തി വയറുഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്തുകളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുക.

മഴക്കാലത്ത് ഒഴുക്ക് വളരെ കൂടുതലാണ്. വിനോദത്തിനായി ആരും ജലാശയങ്ങളിൽ ഇറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഫയർ ഫോഴ്സ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഡോ. ബി.സന്ധ്യ,​

ഫയർ ഫോഴ്സ് മേധാവി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, STATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.