മലപ്പുറം: വഖഫ് സ്ഥാപനങ്ങൾ ബോർഡ് മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുതവല്ലിമാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും വിവിധ കാരണങ്ങളാൽ തീർപ്പ് കൽപ്പിക്കപ്പെടാതെ കിടക്കുന്ന രജിസ്ട്രേഷൻ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനുമായി രജിസ്ട്രേഷൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ 10ന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പുതുതായി 140 വഖഫുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഒക്ടോബർ 9ന് കണ്ണൂർ, 23ന് കോഴിക്കോട്, 30ന് കാസർകോട് എന്നിവിടങ്ങളിൽ അദാലത്ത് നടത്തും. മറ്റ് ജില്ലകളിലെ ദിവസങ്ങൾ തീരുമാനിച്ചിട്ടില്ല. ബോർഡിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ സർവേ പുരോഗമിക്കുകയാണ്.ഡിവിഷണൽ ഓഫീസർ റഹ്മത്തുള്ള നാലകത്തും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |