വില കൂട്ടാൻ കുപ്പിവെള്ള കമ്പനികളുടെ സമ്മർദ്ദം
കൊല്ലം: നിർമ്മാണ ചെലവ് പെരുപ്പിച്ച് കാട്ടി ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില ഇപ്പോഴത്തെ 13 രൂപയിൽ നിന്ന് 20 ആക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു വിഭാഗം നിർമ്മാതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധം. കൊള്ളലാഭം കൊയ്ത് കൂട്ടുമ്പോഴായിരുന്നു കുപ്പിവെള്ളത്തിന് പരമാവധി വില 13 രൂപയാക്കി സർക്കാർ നിജപ്പെടുത്തിയത്.
2020 ഫെബ്രുവരിയിലാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയത്. ഇതിന് പിന്നാലെ തന്നെ തീരുമാനം പിൻവലിപ്പിക്കാൻ കമ്പനിക്കാർ പലതരത്തിലുള്ള സമ്മർദ്ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് നിർമ്മാതാക്കൾ ഒത്തുചേർന്ന് വൻതോതിൽ പണം പിരിച്ച് കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായില്ല. അന്ന് ജഡ്ജിയെ സ്വാധീനിക്കാനെന്ന പേരിൽ വൻതുകയാണ് ചില സംഘടനാ നേതാക്കൾ നിർമ്മാതാക്കളിൽ നിന്ന് പിരിച്ചത്.
ഇപ്പോൾ പൊതുവിതരണ, വ്യവസായ, ധന വകുപ്പ് മന്ത്രിമാരെ വില ഉയർത്തണമെന്ന ആവശ്യവുമായി കമ്പനിക്കാർ സമീപിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വൻകിട കമ്പനികളുടെ സഹായത്തോടെ സമരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നിർമ്മാതാക്കൾ. അതേസമയം വില ഉയർത്തേണ്ട ആവശ്യമില്ലെന്ന നിലപാടിൽ വലിയൊരു വിഭാഗം കുപ്പിവെള്ള നിർമ്മാതാക്കൾ മറുവശത്തുമുണ്ട്!
ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ നിർമ്മാണ ചെലവ് (രൂപയിൽ)
കുപ്പിയുടെ വില: 3.47
അടപ്പ്: 0.33
ലേബൽ: 0.32
പായ്ക്കിംഗ് ചെലവ്: 0.80
ലാഭവും മറ്റ് ചെലവുകളും: 1.08
ഒരു ബോട്ടിലിന്റെ ആകെ ചെലവ്: 6
12 കുപ്പികളുള്ള ഒരു ബോക്സിന്റെ ലാഭം സഹിതം ചെലവ്: 72
ഒരു കുപ്പിയുടെ എം.ആർ.പി: 13
ഒരു കുപ്പിയിലെ ലാഭം: 7
ഒരു ബോക്സിന്റെ ലാഭം: 84
.................................
ജാറിലും കള്ളക്കളി
20 ലിറ്ററിന്റെ ജാറിൽ വെള്ളം നിറയ്ക്കാനുള്ള പരമാവധി ചെലവ് 15 രൂപ മാത്രമാണ്. എന്നാൽ 60 മുതൽ 70 രൂപയ്ക്ക് വരെയാണ് വില്പന. പക്ഷേ, ഇത് നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |