പ്രവേശനം ഇന്നുമുതൽ 21 വരെ
കൊല്ലം: പ്ലസ് വൺ അവസാന അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ എണ്ണായിരത്തോളം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. ആകെ 34,644 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ആകെയുള്ള 18,215 മെരിറ്റ് സീറ്റുകളിൽ പൂർണ്ണമായും അലോട്ട്മെന്റ് നൽകിയിട്ടുണ്ട്. മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകൾ കൂടി കണക്കിലെടുക്കുമ്പോൾ ജില്ലയിൽ 26,622 പേർക്ക് പ്രവേശനം ലഭിക്കും. ബാക്കിയുള്ള എണ്ണായിരത്തോളം പേർ പുറത്തു നിൽക്കേണ്ട അവസ്ഥയുണ്ടാകും. ഇവർക്ക് ഓപ്പൺ സ്കൂളുകളും മറ്റുമായിരിക്കും ആശ്രയം. സംവരണ സീറ്റുകളിൽ പകുതിയോളം ഒഴിഞ്ഞുകിടക്കുമെങ്കിലും ഇവിടെ മറ്റുള്ളവർക്ക് പ്രവേശനം നൽകാനാവില്ല.
രണ്ടാം അലോട്ട്മെന്റ് ലഭിച്ചവർ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും വേണ്ട രേഖകളും കൃത്യമായി മനസിലാക്കണം. ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ലാതെ തന്നെ ഫീസടച്ച് സ്ഥിരപ്രവേശനം നേടാൻ കഴിയും.
സപ്ലിമെന്ററി ഒഴിവുകൾ 26ന്
ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവും നോട്ടിഫിക്കേഷനും 26ന് പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിന്റെയും വിശദവിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് അപേക്ഷ പുതുക്കി നൽകേണ്ടത്.
ശ്രദ്ധിക്കേണ്ടവ
അലോട്ട്മെന്റ് ലഭിക്കുന്നവർ നിർദ്ദിഷ്ട സമയത്ത് തന്നെ പ്രവേശനത്തിന് ഹാജരാകണം
അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനു തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പ് വയ്ക്കണം
യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നു ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസൽ ഹാജരാക്കാൻ സമയം അനുവദിക്കും
പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്നതിന്റെ പകർപ്പുകൾ സ്വീകരിക്കും
സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കും
പ്രവേശനസമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റേയും അസൽ നിർബന്ധമാണ്.
പ്രവേശനം നടത്തുന്ന ദിവസങ്ങൾ
07, 12, 16, 20, 21
സപ്ലിമെന്ററി ഒഴിവുകൾ പ്രസിദ്ധീകരിക്കുന്ന തീയതി: 26
ജില്ലയിൽ ലഭിച്ച അപേക്ഷ: 34,644
മെരിറ്റ് സീറ്റുകൾ: 18,215
പ്രവേശന സാദ്ധ്യത: 26,622
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |