SignIn
Kerala Kaumudi Online
Thursday, 19 September 2024 3.02 PM IST

നെല്ലനാട് നടുങ്ങിയ ഇരട്ടക്കൊലപാതകം അമ്മയെ കിണറ്റിലെറിഞ്ഞ് കൊന്നു സാക്ഷിയായ മകനെ കഴുത്ത് ഞെരിച്ച് കൊന്നു !

Increase Font Size Decrease Font Size Print Page
pr

തിരുവനന്തപുരം : ഒരു കൊലപാതകം മറയ്ക്കാൻ മറ്റൊരു കൊലപാതകം. അമ്മയെ കൊന്ന കേസിലെ സാക്ഷിയായ മകനും കൊല്ലപ്പെട്ട

നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടിൽ പരേതരായ തുളസി-കമല ദമ്പതികളുടെ മകൻ പ്രദീപ് കുമാർ (32) വധക്കേസിൽ പ്രതികൾ പിടിയിലായതോടെ ഇരട്ടക്കൊലപാതകത്തിന്റെയും മനസാക്ഷി മരവിക്കുന്ന കൊടുംകുറ്റകൃത്യത്തിന്റെയും നടുക്കത്തിലാണ് നാട്.

കമലയെ അരും കൊലചെയ്തതിന്റെ ശിക്ഷയിൽ നിന്നൊഴിവാകാൻ കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി സാക്ഷിയായ മകനെയും വകവരുത്തി നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് കണക്കുകൂട്ടലുകൾ തെറ്റി. ഏത് കുറ്റകൃത്യത്തിലും അദൃശ്യമായ ഒരു തെളിവ് അവശേഷിക്കുമെന്നത് നെല്ലനാട്ടെ കമലയുടെയും മകൻ പ്രദീപിന്റെയും കൊലപാതകങ്ങളിൽ അച്ചിട്ടായി. കമലയെ കൊലപ്പെടുത്തി അയൽവാസിയുടെ കിണറ്റിൽ തള്ളിയതിന് വീട്ടുടമയായ സ്ത്രീ സാക്ഷിയായെങ്കിൽ,​ പ്രദീപിന്റെ കൊലപാതകത്തിലുമുണ്ടായി ദൈവം നിയോഗിച്ച സാക്ഷികൾ. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്നതിന് തെളിവാകുകയാണ് ആറുവർഷം മുമ്പ് നെല്ലനാടിനെ ഞെട്ടിച്ച പ്രദീപിന്റെമരണം കൊലപാതകമാണെന്ന് തെളിയാനും പ്രതികൾ പിടിയിലാകാനും ഇടയായ സംഭവം.

2008ൽ കമല

ഒരു പതിറ്റാണ്ട് മുമ്പായിരുന്നു തനി നാട്ടിൻപുറമായ നെല്ലനാട് കീഴായിക്കോണത്ത് കൈതറക്കുഴിയിൽ കമലയെ അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം പലരും കരുതിയതെങ്കിലും കമലയുടെ മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുന്നത് വീട്ടുടമയായ സ്ത്രീ കാണാനിടയായത് ആത്മഹത്യയെന്ന് കരുതി എഴുതള്ളുമായിരുന്ന കേസിനെ കൊലപാതകമാക്കി മാറ്റി. നാട്ടിൻപുറത്തെ കുപ്രസിദ്ധരായ ചാരായം വാറ്റുകാരും വിൽപ്പനക്കാരുമായിരുന്നു കമലയുടെ സഹോദരൻ പുഷ്പാകരനും സുഹൃത്ത് വിനേഷും. ചാരായ വിൽപ്പന പ്രദേശത്തെ സ്വൈരജീവിതത്തിന് ഭീഷണിയായി. മദ്യലഹരിയിൽ ആളുകൾ ഏറ്റുമുട്ടുകയും മറ്റ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ വാറ്റിനെതിരെ പ്രദേശത്ത് ജനരോഷം ഉയർന്നു. നിരന്തരം പൊലീസിലും എക്സൈസിലും പരാതികളെത്തി. പൊലീസും എക്സൈസും പരിശോധനകൾ പതിവാക്കി. അങ്ങനെയിരിക്കെ,​ ഒരുനാൾ പുഷ്പാകരനെ അന്വേഷിച്ച് പൊലീസെത്തി. വീട്ടിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പൊലീസ് പോയശേഷം ചാരായം വാറ്റുന്ന കാര്യം അറിയിച്ചത് കമലയാണെന്ന സംശയത്തിന്റെ പേരിൽ കമലയുമായി വഴക്കും വാക്കേറ്റവുമുണ്ടായി. വാക്കേറ്റമുണ്ടായ ദിവസം രാത്രിയാണ് കമലയെ വാറ്റുലോബി മർദ്ദിച്ചശേഷം കിണറ്റിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു. രാത്രിയിൽ വഴക്ക് കേട്ട് അയൽവാസികളും കമലയുടെ മകനായ പ്രദീപും ഉണർന്നെങ്കിലും കമലയും പുഷ്പാകരനും സഹോദരങ്ങളായതിനാൽ അവർ ഇതിൽ ഇടപെട്ടില്ല. എന്നാൽ,​ മർദ്ദനത്തിനൊടുവിൽ അനക്കമില്ലാതായ കമലയെ കിണറ്റിൽ തള്ളിയതിനും അവർ സാക്ഷികളായി. അടുത്തദിവസം പൊലീസെത്തി കമലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടപടികളും അന്വേഷണവും തുടരുന്നതിനിടെയാണ് കമലയെ പുഷ്പാപകരനും കൂട്ടാളികളും കിണറ്റിൽ തള്ളിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. കേസ് കൊലപാതകമായി മാറുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്ത കേസിൽ

വിസ്താരം തുടരുന്നതിനിടെയാണ് 2015ൽ കമലയുടെ മകനും കേസിലെ ഒന്നാംസാക്ഷിയുമായ പ്രദീപും (32)​കൊല്ലപ്പെട്ടത്.

നാട്ടുകാരുടെ സംശയം

അസ്ഥാനത്തായില്ല

കമലക്കേസിൽ സാക്ഷിവിസ്താരം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കീഴായിക്കോണം ഗ്രന്ഥശാലയ്ക്ക് സമീപം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനരികിൽ പൊന്തക്കാട്ടിൽ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കൈലിമുണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മാതാവിനെ മർദിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് കണ്ട പ്രധാനസാക്ഷിയായിരുന്നു പ്രദീപ്. അമ്മയെ കൊലപ്പെടുത്തിയവർ തന്നെ മകനെയും വകവരുത്തിയിരിക്കാമെന്ന് ഗ്രാമവാസികൾ ഉറച്ചു വിശ്വസിച്ചിരുന്നു. സമീപവാസിയായ വിമുക്തഭടനും പൊതുപ്രവർത്തകനുമായ നെല്ലനാട് മോഹനൻ നായരാണ് മൃതശരീരം ആദ്യം നടവരമ്പിൽ കാണുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും. കഴുത്തിൽ കൈലിമുണ്ട് ഉപയോഗിച്ച് ചുറ്റി ഇറുക്കിയ നിലയിലും കാലി‍ൽ മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അതേ സമയം ഇയാളുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ സംഭവ ദിവസം പ്രദീപ് കുമാർ വണ്ടിപ്പുരമുക്കിന് സമീപത്തെ വീടുകളിൽ എത്തിയിരുന്നുവെന്ന് വിവരം ലഭിച്ചു.

രാത്രി ഇയാൾ ഒരു വീടിന് മുന്നിലെത്തി കതകിൽ തട്ടിവിളിച്ചുവെന്നും കാക്കി വസ്ത്രധാരികളായ മൂന്നംഗ സംഘം കൊല്ലാൻ വരുന്നെന്നും പ്രദീപ് വീട്ടുകാരോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം നീണ്ടു. ഇതിനിടെ കമലയുടെ കൊലപാതകത്തിൽ പ്രതികളായ പുഷ്പാകരനും വിനേഷിനും കോടതി ജീവപര്യന്തം വിധിച്ചു. എന്നാൽ, അഞ്ച്‌ വർഷത്തിനുശേഷം ശിക്ഷാ ഇളവുനേടി ഇരുവരും പുറത്തിറങ്ങി. തീർപ്പാകാതെ കിടന്ന പ്രദീപിന്റെ കൊലപാതകക്കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തി. തുടർന്നാണ് പുഷ്പാകരനും വിനേഷും ചേർന്ന് അഭിലാഷ്, സുരേഷ് എന്നിവരുടെ സഹായത്തോടെ പ്രദീപിനെ കൊന്നതായി കണ്ടെത്തിയത്.

സംശയനിഴലിലായ ആൾ

ജീവനൊടുക്കി

പ്രദീപിന്റെ മരണത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച വെളുത്തപാറ ചന്തവിള പുത്തൻവീട്ടിൽ റീജുവിനെ(32) 2015 ഏപ്രിൽ 12ന് വൈകിട്ട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിലെ പൊരുത്തക്കേടുകൾ കാരണം

സ്റ്റേഷനിൽ മൊഴി നൽകാൻ രണ്ടാമതും എത്തണമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് റീജുവിനെ കാണാതാകുകയും പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. റീജുവിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ പ്രദീപിന്റെ മരണത്തെപ്പറ്റിയുള്ള പൊലീസ് അന്വേഷണം മന്ദ ഗതിയിലായി. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വെഞ്ഞാറമൂട് സുധീർ നൽകിയ നിവേദനം കൂടി പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തര വകുപ്പ് പിന്നീട് നടപടികൾ സ്വീകരിച്ചു. ജില്ലാക്രൈംബ്രാഞ്ചിനായി അന്വേഷണ ചുമതല.

തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷ​ണ സംഘം രൂപീകരിക്കുകയും നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ലക്ഷത്തിലധികം ഫോൺ വിളികളുടെ വിശദാംശങ്ങളും വിശകലനം ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാട്ടുകാർ വിശ്വസിച്ചത് പോലെ സംഭവിച്ചു. മാതാവിന്റെ കൊലപാതകം നേരിൽ കണ്ട മകൻ പ്രദീപിനെ വകവരുത്താൻ പ്രതികൾ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രത്യേക സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.