SignIn
Kerala Kaumudi Online
Thursday, 19 September 2024 12.57 PM IST

മഴയോടു മഴ!

Increase Font Size Decrease Font Size Print Page

കൊല്ലം: ശമനമില്ലാത്ത മഴയിൽ ജില്ല വിറങ്ങലിക്കുന്നു. പകൽ മുഴുവൻ ഇരുണ്ടുമൂടി നിൽക്കുന്ന അന്തരീക്ഷവും ഇടതടവില്ലാതെ പെയ്യുന്ന മഴയും ജീവിതം ദുസഹമാക്കി. വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും യാത്രക്കാരുമൊക്കെ മഴക്കെടുതിയിൽ നരകിക്കുകയാണ്. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടായി. മലയോര മേഖലയാവട്ടെ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിലാണ് ഇപ്പോഴും. മഴ തുടരവേ, എന്തു ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ് ഈ ഭാഗങ്ങളിലുള്ളവർ.

കല്ലടയാറ്റിൽ ജലനിരപ്പുയർന്നു. ചെറുതോടുകൾ കരകവിഞ്ഞു. കൃഷിനാശവും വ്യാപകമാണ്. 2 വീടുകൾ ഭാഗികമായും 31 വീടുകൾ പൂർണമായും തകർന്നു. എം.സി റോഡിൽ പല ഭാഗങ്ങളിലുമുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. കൊട്ടാരക്കരയ്ക്കും അടൂരിനും മദ്ധ്യേ ഇഞ്ചക്കാട്, ശില്പ ജംഗ്ഷനുകളിലും ലോവർ കരിക്കകം, പനവേലി, വാളകം എന്നിവിടങ്ങളിലുമായിരുന്നു വെള്ളക്കെട്ട് രൂക്ഷം. ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

പുനലൂർ താലൂക്കിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മൺറോത്തുരുത്തിൽ കിടപ്രം വടക്ക്, കിടപ്രം തെക്ക്, കൺട്രാംകാണി, നീറ്റുതുരുത്തി എന്നിവടങ്ങളിൽ വെള്ളം കയറി. ക്യാമ്പുകൾ തുറന്നിട്ടില്ല. പുനലൂർ താലൂക്കിൽ കരവാളൂർ അടുക്കളമൂല, ഇടമൺ വില്ലേജിലെ പൂണുമുക്ക് എന്നിവിടങ്ങൾ വെള്ളത്തിലായി. പുനലൂരിൽ പൊയ്യാനിൽ ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിക്ക് മുൻവശം എം.എൽ.എ റോഡിലും പരിസര പ്രദേശങ്ങളിലും ചെമ്മന്തൂർ, തെങ്ങുംതറ, പരവെട്ടം, ആദിച്ചൻ കോളനി, വെട്ടിപ്പുഴ പാലം എന്നിവടങ്ങളിലും വെള്ളം കയറി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

# ആലപ്പാട്ട് കടലാക്രമണം

കരുനാഗപ്പള്ളിയിൽ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ആലപ്പാട്ട് ശക്തമായ കടലാക്രണം അനുഭവപ്പെടുന്നു. ടി. എസ് കനാലും തഴത്തോടുകളും പള്ളിക്കലാറും കരകവിഞ്ഞു. മൂന്നു വീടുകൾക്ക് ഭാഗിക നാശം നേരിട്ടു. പൻമന, കുമളത്ര, കളരി, ചിറ്റൂർ, കോലം, മുല്ലക്കേരി, പമ്പുവയിൽ ചുരുളി ഭാഗം, ചവറ ഭരണിക്കാവ്, മടപ്പളളി, മേനാംമ്പളളി,കല്ലേലി ഭാഗത്ത് ഡൈവർ ജംഗ്ഷൻ, കരയാണത്തിൽ മൂലംകുഴി ഭാഗം, വേങ്ങറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി. ശൂരനാട് വടക്ക് വില്ലേജിലെ തെക്കേമുറി,പടിഞ്ഞാറേ കല്ലട വില്ലേജിലെ ഐത്തോട്ടുവ., കോയിക്കൽ ഭാഗം എന്നിവടങ്ങളിൽ വെള്ളം കയറി. മൈലം വില്ലേജിൽ പുലമൺ തോട് കരകവിഞ്ഞ് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇത്തിക്കരയാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ പറവൂർ ഭാഗത്ത് കടലിലേക്ക് വെള്ളമൊഴുക്കാൻ പൊഴി മുറിക്കേണ്ടി വരും.

# മലയോരം ഭീതിയിൽ

കൊട്ടാരക്കരയിൽ 4 വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. ഒരു കിണർ ഇടിഞ്ഞു താഴ്ന്നു. നിരവധി റോഡുകൾ വെള്ളത്തിലായി. പവിത്രേശ്വരം, കലയപുരം,കുളക്കട എന്നിവിടങ്ങളിൽ വെളളം കയറി. 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. പത്തനാപുരം താലൂക്കിലെ പിടവൂർ- കിഴക്കേത്തെരുവ് റോഡിൽ 18-ാം പടിയിൽ പുലർച്ചെ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു. പട്ടാഴി വില്ലേജിലെ പനയനം വാർഡിൽ മധുരമലയിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി.

....................................

 ആകെ നാശനഷ്ടം:11.22 കോടി

 പൂർണമായി തകർന്ന വീടുകൾ: 2

 ഭാഗികമായി തകർന്നവ: 31.

 ദുരിതാശ്വാസ ക്യാമ്പുകൾ: 7

 ക്യാമ്പുകളിലെ കുടുംബങ്ങൾ: 74

 അംഗങ്ങൾ: 238

...................................

# ജാഗ്രത വേണം

 തെന്മല ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തി
 ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി
 നിലവിൽ ഡാം മേഖല ഓറഞ്ച് അലർട്ടിൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.