SignIn
Kerala Kaumudi Online
Thursday, 19 September 2024 10.11 AM IST

തിരശീലയ്ക്ക് പിന്നിലൊളിച്ച് നാടക സമിതികൾ

Increase Font Size Decrease Font Size Print Page
t

ബുക്കിംഗില്ല, ഈ സീസൺ ഉപേക്ഷിക്കാനൊരുക്കം

കൊല്ലം: അനിവാര്യമായ മാറ്റങ്ങൾക്ക് അരങ്ങൊരുക്കാതിരുന്നതിനാൽ പരമ്പരാഗത നാടക സമിതികൾ പിടിച്ചു നിൽക്കാനാവാതെ തിരശീലയിടുന്നു. നാടകങ്ങളുടെ ഈറ്റില്ലമെന്ന ഖ്യാതി കൊല്ലത്തിനും നഷ്ടമായി. 10 വർഷം മുമ്പുവരെ 50ഓളം നാടക സമിതികൾ ക്യാമ്പ് ചെയ്തിരുന്ന കൊല്ലത്ത് ഇപ്പോൾ സജീവമായുള്ളത് വിരലിലെണ്ണാവുന്നവ മാത്രം. ഉത്സവപ്പറമ്പുകളിൽ വരെ ബാലെ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ വിഷ്വൽ എഫക്ട്സും മറ്റും പരീക്ഷിക്കുമ്പോൾ നാടകവേദികൾ പഴയ പ്രൗഢിയുടെ നിഴലിൽ തുടരുകയാണ്. അതുകൊണ്ടുതന്നെ നാടകങ്ങൾക്ക് വേദി കുറയുകയും ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും ഈ സീസണിൽ നാടകാവതരണം ബുദ്ധിമുട്ടാവുമെന്ന മുൻവിധിയോടെയാണ് പല സമിതികളും പിന്നാക്കം പോയത്. അടുത്ത സീസണിൽ പ്രതീക്ഷയുണ്ടെങ്കിലും നാടകത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിരവധിപേർ ഭാവിയുടെ തുറിച്ചു നോട്ടത്തിൽ പകച്ചു നിൽക്കുകയാണ്.

ക്യാമ്പുകൾ പേരിനുമാത്രം

വരുന്ന ഉത്സവ സീസണിൽ അവതരിപ്പിക്കാനായി പുതിയ നാടകങ്ങളുടെ പരിശീലനം ആരംഭിച്ചത് സംസ്ഥാനത്താകെ മൂന്ന് സമിതികൾ മാത്രമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ അവതരിപ്പിക്കുന്ന നാടകങ്ങളുടെ റിഹേഴ്‌സൽ ക്യാമ്പുകൾ ആരംഭിക്കുന്നത് ഒക്ടോബർ- നവംബർ മാസങ്ങളിലാണ്. നിലവിൽ ഓച്ചിറ മഹിമയുടെ 'പ്രമാണി'യും കൊല്ലം അസീസിയുടെ നാടകങ്ങളുമാണ് റിഹേഴ്‌സൽ നടത്തുന്നത്. ചലച്ചിത്രതാരം തിലകൻ നേതൃത്വം നൽകിയിരുന്ന അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'സ്വർണമുഖി' എന്ന പുതിയ നാടകവും പരിശീലനരംഗത്തുണ്ട്. ബിഗ് ബഡ്ജറ്റ് നാടകങ്ങളും വിഷ്വൽ എഫക്ട്സും അരങ്ങിലെത്തിക്കുന്ന, നാടകാചാര്യൻ പരേതനായ ഒ. മാധവന്റെ കാളിദാസകലാകേന്ദ്രം നാടകത്തിന്റെ പണിപ്പുരയിലാണെങ്കിലും അടുത്ത ആഗസ്റ്റ് 19ന് മാത്രമേ ആദ്യാവതരണം നടക്കൂ. ഫ്രാൻസിസ് ടി. മാവേലിക്കര എഴുതിയ 'ചന്ദ്രികയ്ക്ക് മുൻപൊരു കഥ പറയാം' എന്ന നാടകമാണ് കലാകേന്ദ്രം അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ നാടകസമിതികളിൽ ചിലർ നേരത്തെ അവതരിപ്പിച്ച നാടകങ്ങൾ ഒരിക്കൽക്കൂടി അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദികൾ ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയില്ല.

ഓർമ്മയായി അൻസാർ ലോഡ്ജ്

നാടകാവതരണത്തിന്റെ ഇടവേളകളിൽ 'നാടക ബുക്കിംഗിന് സെക്രട്ടറി, അൻസാർ ലോഡ്ജ്, കൊല്ലം' എന്നൊരു അനൗൺസ്‌മെന്റ് ഉത്സവപ്പറമ്പുകളിൽ മുഴങ്ങിയിരുന്നു. ലോഡ്ജിലെ എല്ലാ മുറികളിലും ഓരോ നാടകസമിതിയുടെ ഓഫീസ് ഉണ്ടായിരുന്നു. ചില മുറികൾ രണ്ടു സമിതികൾ പങ്കിട്ടെടുക്കുകവരെ ചെയ്തിട്ടുണ്ട്. 30ഓളം മുറികളുണ്ടായിരുന്ന ലോഡ്ജിൽ ഏകദേശം 50 ലധികം സമിതികളാണ് പ്രവർത്തിച്ചിരുന്നത്. 15 വർഷം മുമ്പ് ലോഡ്ജിന്റെ പ്രവർത്തനം അവസാനിച്ചു. ജില്ലാആശുപത്രി ജംഗ്‌ഷന് സമീപം പ്രവർത്തിച്ചിരുന്ന ലോഡ്ജ് കെട്ടിടം പിന്നീട് പൊളിച്ചുനീക്കുകയും ചെയ്തു.

ജില്ലയിൽ നിലവിലുള്ള പ്രമുഖ നാടകസമിതികൾ

 ഓച്ചിറ സരിഗ  ഓച്ചിറ മഹിമ  ആവിഷ്കാര  അശ്വതിഭാവന  കൊല്ലം ഒഡീസി  അനശ്വര  അസീസി  കാളിദാസ കലാകേന്ദ്രം  അയനം  ആശ്രയ  ചൈതന്യ  ആത്മമിത്ര

 ജില്ലയിൽ മുമ്പുണ്ടായിരുന്ന നാടകസമിതികൾ: 60 ലധികം

 നിലവിലുള്ള സമിതികൾ: 15ൽ താഴെ

 ഈ സീസണിൽ നാടകം അവതരിപ്പിക്കുന്നവർ: 02

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.