കണ്ണൂർ: ''സെവൻസ്റ്റാർ ഗ്രേഡിംഗ് സംവിധാനമുണ്ടെങ്കിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസർ സജിത്തിന് അത് മുഴുവനും നൽകിയേനെ'' കണ്ണൂർ സ്വദേശിനി അനിമ മാറോളിയുടെ എന്റെ ജില്ലാ മൊബൈൽ ആപ്പിന്റെ കമന്റ് ബോക്സിലെ ഈ കുറിപ്പ് സർക്കാർ ഓഫീസുകളോടുള്ള മാറിയ മനോഭാവം കൂടി പ്രതിഫലിപ്പിക്കുന്നതാണ്.
ചുവപ്പു നാടയിൽ കുരുക്കാതെ ഫയലുകളെ എളുപ്പം സ്വതന്ത്രമാക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രചോദനമാകുന്ന കമന്റുകൾ അനിമയുടേതുപോലെ നിരവധിയാണ്.സൗഹാർദ്ദപൂർവം കാര്യക്ഷമമായി ഇടപെടുന്ന ഓഫീസുകൾക്കുള്ള അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ് എന്റെ ജില്ലാ ആപ്പിന്റെ കമന്റ് ബോക്സ്.
ജനങ്ങൾ ഏറ്റവും കൂടുതൽ ഇടപെടുന്ന വില്ലേജ് ഓഫീസുകളെ കുറിച്ച് തന്നെയാണ് കൂടുതൽ അഭിപ്രായങ്ങളും. ഓഫീസുകൾ മാത്രമല്ല, ജീവനക്കാരും സ്മാർട്ടെന്നാണ് കൂടുതൽ പേരുടേയും അഭിപ്രായം. സ്ഥലവുമായി ബന്ധപ്പെട്ട കാര്യത്തിൽ പട്ടുവം വില്ലേജ് ഓഫീസിന്റെ വേഗത്തിലുള്ള ഇടപെടലിനെക്കുറിച്ച് കണ്ണൂരിലെ ഡോ. ആനന്ദിനും മതിപ്പാണ്. താൻ കണ്ട 'സൂപ്പർ ഫാസ്റ്റ് ഓഫീസറാ'ണ് ഇരിട്ടി സബ് രജിസ്ട്രാർ ദിലീപ് എന്നാണ് കെ.ജി ജിതിൻ എന്നയാളുടെ അഭിപ്രായം.
ജില്ലാ കമന്റുകൾ കൊണ്ട് നിറയുകയാണ് എന്റെ ജില്ല ആപ്പ്. ഗ്രാമ പഞ്ചായത്ത്, ആശുപത്രി, ആർ ടി ഓഫീസ് തുടങ്ങി ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ ജനം നന്നായി വിലയിരുത്തുന്നുണ്ട് ഇതിലൂടെ.സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഊർജിതമാക്കാനും ഭരണനിർവഹണം മെച്ചപ്പെടുത്തുന്നതിനുമായാണ് സർക്കാർ എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുന്നതിന് ഇതിലൂടെ സാധിക്കും. ആപ്ലിക്കേഷൻ ജനം ഏറ്റെടുത്തുവെന്നതിന് തെളിവ് കമന്റ് ബോക്സിലെ അഭിപ്രായപ്രകടനം തന്നെ.
വിരൽത്തുമ്പിൽ സമഗ്രവിവരം
കേരളത്തിലെ എല്ലാ ജില്ലകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ എന്റെ ജില്ല ആപ്പിൽ ലഭിക്കും. ഓരോ ജില്ലയിലെയും പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം പൊതു ജനങ്ങൾക്ക് നേരിട്ട് വിലയിരുത്താം. ഓഫീസുകളിലേക്ക് വിളിക്കാനും, ഇ മെയിൽ അയക്കാനും സാധിക്കും. ഓഫീസുകൾ സന്ദർശിച്ച ശേഷം അവയുടെ സേവനങ്ങൾ റേറ്റ് ചെയ്ത് ഗ്രേഡിംഗ് നടത്താമെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത. ജനസൗഹൃദ സേവനം ഉറപ്പ് വരുത്തുന്നതിനും കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലെത്തുന്നതിനും ഇത് സഹായകരമാകുമെന്നതിൽ തർക്കമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |