പത്തനംതിട്ട : സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 6 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. സംസ്ഥാന ഹോക്കി അസോസിയേഷൻ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലാസ്പോർട്സ് കൗൺസിലും ജില്ലാ ഹോക്കി അസോസിയേഷനും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8ന് കളക്ടർ ദിവ്യ എസ്. അയ്യർ പതാക ഉയർത്തും. തുടർന്ന് മൽസരം ആരംഭിക്കും. വൈകിട്ട് 3ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. കേരളാഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. നാളെ സുവനീർ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ അദ്ധ്യക്ഷതവഹിക്കും. 6ന് സമാപന സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ , ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ എന്നിവർ മുഖ്യതിഥികളായിരിക്കും. കായികതാരങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം ക്രമീകരിച്ചിട്ടുണ്ട്. ഒരു ജില്ലയിൽ നിന്ന് 20 പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ , മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ എൻ.പി. ഗോപാലകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അമൃത് സോമരാജ്, ട്രഷറർ വിനോദ് പുളിമുട്ടിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |