തൃശൂർ: ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന ജില്ലാ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ സി.എൻ.എൻ സ്പോർട്സ് അക്കാഡമി ചേർപ്പ് ഒന്നാം സ്ഥാനവും യുവശബ്ദം സാംസ്കാരിക വേദി രണ്ടാംസ്ഥാനവും, കൈപ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബോയ്സ് വിഭാഗത്തിൽ എം.ഇ.എസ് അസ്മാബി കോളേജ് ഒന്നാം സ്ഥാനവും, പ്ലേ ബോൾ തളിക്കുളം രണ്ടാംസ്ഥാനവും ഹെമർഹെഡ് വാരിയേഴ്സ് മൂന്നാം സ്ഥാനവും നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ബേസ് ബാൾ അസോസിയേഷൻ നോമിനി കെ.എം.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ടി.ജെയിംസ്, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ അഖിൽ അനിരുദ്ധൻ, അഡ്വ.കെ.ആർ.അജിത്ബാബു, ബേസ്ബാൾ എക്സിക്യൂട്ടീവംഗം ഫിഡലി ബെന്നി, ജിജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
150 പേർക്ക് കൊവിഡ്
തൃശൂർ: ചൊവ്വാഴ്ച്ച 150 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 65 പേരും വീട്ടു നിരീക്ഷണത്തിലുള്ള 935 പേരും ചേർന്ന് 1150 പേരാണ് ആകെ രോഗബാധിതരായത്. 102 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,552 ആണ്. 6,61,530 പേരാണ് ആകെ രോഗമുക്തരായത്.
ആധാരമെഴുത്തുകാർ ഇന്ന് പണിമുടക്കും
തൃശൂർ : കേരളത്തിലെ പരാമ്പരാഗത ആധാരമെഴുത്ത് തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് ജില്ലയിലെ ആധാരമെഴുത്തുകാർ എല്ലാ സബ്ബ് രജിസ്ട്രാഫീസ് മുന്നിലും ഓരോ യൂണിറ്റുകളുടെയും അടിസ്ഥാനത്തിൽ പണിമുടക്കും ധർണ്ണയും നടത്തും. പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തി ആധാരമെഴുത്തുകാർക്കായി സംവരണം ചെയ്യുക, ക്ഷേമനിധി കൂടുതൽ കുറ്റമറ്റതും സുതാര്യമാക്കാനായി ബോർഡിന്റെ ചെയർമാൻ സ്ഥാനം വകുപ്പ് മന്ത്രിയിൽ നിക്ഷിപ്തമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് എം.പി.ശശിധരൻ, ജില്ലാ സെക്രട്ടറി ടി.പി.ബാലൻ, ജില്ലാ ട്രഷറർ തോമസ് വടക്കൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |