മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹൗളിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. സബ് കമ്മിറ്റി യോഗം പ്രാഥമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതേ ഇനത്തിൽ സീസൺ ടിക്കറ്റിന് 1,000 രൂപയും 2,500 രൂപയുമാണ് വില. വി.ഐ.പി കസേരയ്ക്ക് 1,000 രൂപയാണ് അതിന്റെ സീസൺ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേർക്ക് കയറാവുന്ന 25,000ത്തിന്റെ വി.ഐ.പി ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ് നിശ്ചിയിച്ചിട്ടുള്ളത്.
ടിക്കറ്റ് വിൽപന ഓൺലൈൻ, ബാങ്ക്, കൗണ്ടർ എന്നിവ വഴിയാണ് നടക്കുക. ഏത് ഓൺലൈൻ വഴിയാണ് വിൽപന എന്ന് തീരുമാനിച്ച് അറിയിക്കും. പ്രധാന കേന്ദ്രങ്ങളായ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വിൽപനയ്ക്ക് ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.
നിലവിലുള്ള കൊവിഡ് മുൻകെരുതലുകൾ പാലിച്ചുകൊണ്ടായിരിക്കണം മത്സരം നടത്തേണ്ടതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുകയ്ക്ക് നിർദേശം നൽകി. മഞ്ചേരിയിലും കോട്ടപ്പടിയിലും മത്സരം കാണാനെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യങ്ങളും യോഗം വിലയിരുത്തി. കോട്ടപ്പടിയിലെ പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് നിർദേശമുണ്ട്. വി.വി.ഐ.പി, വി.ഐ.പി പാർക്കിംഗ് സ്റ്റേഡിയത്തിന് അടുത്തായി നൽകും. ബാക്കി പാർക്കിംഗ് സ്റ്റേഡിയത്തിൽ നിന്ന് മാറി സൗകര്യമൊരുക്കും. പാർക്കിംഗ് സ്ഥലത്ത് നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ടിക്കറ്റ് വില- മഞ്ചേരി പയ്യനാട് സ്റ്റേഡിയം
ഗാലറി ഒരാൾക്ക് - 100 രൂപ
ഗാലറി സീസൺ ടിക്കറ്റ് - 1000
കസേര - 250
കസേര സീസൺ ടിക്കറ്റ് ഒരാൾക്ക് - 2,500
വി.ഐ.പി ടിക്കറ്റ് - 1,000
വി.ഐ.പി സീസൺ ടിക്കറ്റ് -10,000
വി.വി.ഐ.പി ടിക്കറ്റ് -25,000
.....................................
ടിക്കറ്റ് വില- മലപ്പുറം കോട്ടപ്പടി
ഗാലറി - 50
സീസൺ ടിക്കറ്റ് ഗാലറി - 400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |