കൊല്ലം: പള്ളിത്തോട്ടം എച്ച്.ആൻഡ് സി ഗാന്ധിനഗർ സ്വദേശിയായ രതീഷ് റാമിനെ കൗമുദി നഗറിലെ റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. പള്ളിത്തോട്ടം അനുഗ്രഹ നഗർ 13ൽ മേലൻ (29), പള്ളിത്തോട്ടം ഗലീലിയെ കോളനിയിൽ സുകു എന്നു വിളിക്കുന്ന ഹാരിസൺ (32) എന്നിവരാണ് പിടിയിലായത്.
മൂന്നാഴ്ച മുമ്പ് മുണ്ടയ്ക്കൽ പാപനാശത്തുള്ള ബിയർ പാർലറിൽ വച്ച് ഇവരും വെട്ടേറ്റ രതീഷ് റാമും തമ്മിൽ വാക്ക് തർക്കവും കൈയാങ്കളിയും ഉണ്ടായി. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ 10ന് വൈകിട്ട് 3.45 ഓടെ എച്ച്.ആൻഡ് സി ഗാന്ധി നഗറിലെ രതീഷിന്റെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികൾ തങ്കശേരി ഹാർബറിൽ എത്തിയതായി ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസെത്തി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |