Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

രണ്ട് വർഷത്തെ തപസിൽ നിന്ന് സി.ടി സിമുലേറ്റർ ഇന്ന് ഉണരും

ct-simulator

തിരുവനന്തപുരം: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിൽ രണ്ട് വർഷം മുമ്പ്

വാങ്ങിയ സി.ടി സിമുലേറ്റർ ഇന്ന് പ്രവർത്തിപ്പിച്ച് തുടങ്ങും. രോഗികൾക്ക് ഈ മെഷീൻ ഇന്നു മുതൽ പ്രയോജനപ്പെടുമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. പുഷ്പലത 'കേരളകൗമുദി' യോട് പറഞ്ഞു. സിമുലേറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടതുമൂലമാണ് അതിവേഗം സിമുലേറ്റർ പ്രവർത്തനസജ്ജമായത്.

സി.ടി സിമുലേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (എ.ഇ.ആർ.ബി) ലൈസൻസ് ലഭിച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. മെഷീന്റെ വാറന്റി പുതുക്കി നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടതായും പ്രിൻസിപ്പൽ അറിയിച്ചു. മെഷീൻ വാങ്ങിയ തീയതി വച്ചുള്ള വാറന്റി കാലാവധി വരുന്ന ജൂലായ് ആദ്യവാരം അവസാനിക്കും.

രണ്ട് വർഷം മുമ്പ് വാങ്ങിയ സി.ടി സിമുലേറ്റർ പ്രവർത്തിച്ചു തുടങ്ങും മുമ്പെ സർക്കാരിൽ നിന്ന് ആ വിവരം മറച്ചു വച്ച് ഉപകരണം നൽകിയ കമ്പനിക്ക് മൂന്നരക്കോടിയിലധികം രൂപ നൽകിയിരുന്നു. മൊത്തം 3.78 കോടി രൂപ വിലയുള്ള ഉപകരണത്തിന് ആദ്യ ഗഡുവായി 2.46 കോടി രൂപയും രണ്ടാം ഗഡുവായി 94 ലക്ഷത്തിലധികം രൂപയുമാണ് നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗം മേധാവി നൽകിയ ഇൻസ്റ്റലേഷൻ റിപ്പോർട്ട് പ്രകാരമാണ് ഉപകരണം പ്രവർത്തിപ്പിക്കാതെ തന്നെ രണ്ടാം ഗഡു നൽകിയത്. ഫിലിപ്സ് കമ്പനിയിൽ നിന്ന് വാങ്ങിയതാണ് ഉപകരണം. ഈ സംഭവത്തിൽ ഡി.എം.ഇയിൽ നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ റിപ്പോർട്ട് തേടിയിരുന്നു.

കേരളകൗമുദി വാർത്തയെത്തുടർന്ന് ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിച്ചതോടെ കമ്പനിക്കാർ മെഷീൻ പ്രവർത്തന സജ്ജമാക്കുകയായിരുന്നു.

റേഡിയോ തെറാപ്പി വിഭാഗം മേധാവി മെഷീൻ പ്രവർത്തന സജ്ജമാകും മുമ്പ് ഇൻസ്റ്റലേഷൻ റിപ്പോർട്ട് നൽകിയതിനെക്കുറിച്ച് വകുപ്പ് തല അന്വേഷണം തുടരും.

എന്താണ് സി.ടി സിമുലേറ്റർ?

കാൻസർ ചികിത്സയിൽ ട്യൂമറിന്റെ വലിപ്പം, സ്ഥാനം എന്നിങ്ങനെ നിർണായകമായ വിവരങ്ങൾ നൽകുന്ന ഉപകരണമാണ് സി.ടി സിമുലേറ്റർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CT SIMULATOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA