ആദ്യ സർവീസ്- ഷൊർണൂരിൽ നിന്ന് വൈകീട്ട് മൂന്നിന് പുറപ്പെട്ട് നിലമ്പൂരിൽ 4.30ന് എത്തുന്ന വിധത്തിൽ.
രണ്ടാമത്തെ സർവീസ്- നിലമ്പൂരിൽ നിന്ന് 5.30ന് പുറപ്പെട്ട് 7.30ന് ഷൊർണൂരിലെത്തുന്ന രീതിയിൽ.
പാലക്കാട്: നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിൽ മാസാവസാനത്തോടെ രണ്ട് സർവീസ് കൂടി പുനരാരംഭിക്കുമെന്ന് സൂചന. പാലക്കാട് ഡിവിഷൻ ഓഫീസിൽ നിന്ന് സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മക്കാണ് ഉറപ്പ് ലഭിച്ചത്. ഷൊർണൂരിൽ നിന്ന് വൈകീട്ട് മൂന്നിന് പുറപ്പെട്ട് നിലമ്പൂരിൽ 4.30ന് എത്തുന്ന വിധത്തിലാണ് ഒരു സർവീസ്. നിലമ്പൂരിൽ നിന്ന് 5.30ന് പുറപ്പെട്ട് 7.30ന് ഷൊർണൂരിലെത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നിലമ്പൂർ സ്റ്റേഷനിൽ നിന്ന് വൈകീട്ട് നാലിന് ശേഷം ട്രെയിൻ ഇല്ലാത്തത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻ ടൈം കൂട്ടായ്മ പാലക്കാട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് സർവിസ് ആരംഭിക്കുന്ന കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് നിർത്തി വെച്ച ട്രെയിൻ സർവീസ് എല്ലായിടത്തും പുനഃസ്ഥാപിച്ചപ്പോഴും ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ മുഴുവൻ സർവീസുകളും പുനഃസ്ഥാപിച്ചിരുന്നില്ല. 14 സർവീസ് ഉണ്ടായിരുന്നിടത്ത് എട്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. കോട്ടയം - നിലമ്പൂർ ട്രെയിൻ പഴയ സ്റ്റോപ്പുകളിലെല്ലാം നിർത്താത്തതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. ചെറുകരയിൽ നിന്നും അങ്ങാടിപ്പുറത്ത് നിന്നും രണ്ട് ഭാഗങ്ങളിൽ നിന്നാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഒക്ടോബറിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വൈദ്യുതി തൂൺ നാട്ടലാണ് ഇപ്പോൾ നടക്കുന്നത്. കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്യൽ 13 കിലോമീറ്റർ പിന്നിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |