അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പൻ താടിയായ്
പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ
മുത്തശ്ശനെക്കണ്ടു പോരാമോ...""
അഞ്ചുവയസിൽ ആദ്യമായി മൈക്ക് കൈയിലെടുത്ത് സാക്ഷാൽ യേശുദാസിനൊപ്പം പാടുമ്പോൾ വർഷങ്ങൾക്കിപ്പുറം തന്നെ കാത്തിരിക്കാൻ പോകുന്ന ആരാധകരെക്കുറിച്ചുള്ള ചിന്തയൊന്നും കുഞ്ഞുഹരിയുടെ മനസിലുണ്ടായിരുന്നില്ല. വരാനിരിക്കുന്ന നീണ്ട കയ്യടികൾ അന്ന് സ്വപ്നം കണ്ടിട്ടുമുണ്ടായിരുന്നില്ല. പക്ഷേ, കാലം അവനായി കരുതിവച്ചിരുന്നത് ഹൃദയം നിറയ്ക്കുന്ന പാട്ടുകളും ലക്ഷോപലക്ഷം ആരാധകരെയും അവരുടെ കയ്യടികളെയുമായിരുന്നു. കെ.എസ്. ഹരിശങ്കർ എന്ന ഗായകൻ ഇന്ന് യുവാക്കളുടെ ഹൃദയസ്വരമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ പുതുതലമുറയിലെ ഗായകൻ. തീരുന്നില്ല, ഹരിയുടെ വിശേഷങ്ങൾ. ആർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത സംഗീത പാരമ്പര്യത്തിനുടമ കൂടിയാണ്. അമ്മൂമ്മ പ്രശസ്ത കർണാടക സംഗീതജ്ഞ കെ.ആർ. ഓമനക്കുട്ടി, അച്ഛൻ ആലപ്പി ശ്രീകുമാർ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജ് മുൻപ്രിൻസിപ്പൽ, അമ്മ കമലാലക്ഷ്മി വീണ ആർട്ടിസ്റ്റ്, അപ്പുപ്പന്മാരായ എം.ജി. രാധാകൃഷ്ണനും എം.ജി ശ്രീകുമാറും സംഗീതലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത രണ്ടുപേരുകൾ. സംഗീതം ജീവശ്വാസമായി കുടുംബത്തിലെ ഇളമുറക്കാരൻ ഹരിശങ്കറിലെ ഗായകൻ ജനിക്കുന്നത് സ്വയം കണ്ടെടുത്ത വഴികളിലൂടെയായിരുന്നു. സംഗീതവും സ്വപ്നങ്ങളുമായി മുന്നേറുന്ന ഹരിയ്ക്ക് ഏറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ട്.
'കർണാടക സംഗീതത്തിലൂടെയാണ് എന്റെ സംഗീതയാത്ര തുടങ്ങുന്നതെന്ന് പറയാം. അച്ഛനും അമ്മൂമ്മയും ചേർന്നാണ് എന്നെ കർണാടക സംഗീതം പഠിപ്പിക്കുന്നത്. സ്വാഭാവികമായും കച്ചേരി നടത്തുക എന്നതായിരുന്നു അവരുടെ സ്വപ്നം. പക്ഷേ എന്റെ ആഗ്രഹം സിനിമയിലെ പിന്നണി ഗായകനാകാനായിരുന്നു. ഒടുവിൽ ആ സ്വപ്നത്തിൽ കാൽതൊട്ടു എന്നു പറയാം. ചെറുതല്ലാത്ത സന്തോഷം തീർച്ചയായുമുണ്ട്. " പാട്ടുപോലെ മൃദുലമായ സ്വരത്തോടെ ഹരിശങ്കർ സംസാരിച്ചു തുടങ്ങി.
മലയാളത്തിന്റെ അരിജിത്ത് സിംഗെന്നാണ് ഹരിശങ്കറിനെ പലരും വിളിക്കുന്നത്. മെലഡികളുടെ കൂട്ടു പിടിച്ച് സംഗീതത്തിൽ പുതുവഴി തേടുമ്പോൾ കേട്ടാലും കേട്ടാലും മതിവരാത്ത ആ ശബ്ദത്തിന് ഭാഷ കടന്നും ആരാധകരേറെയാണ്. അതുപോലെയാണ് ഹരിശങ്കറും. പുതുതലമുറയിലാർക്കും ഇത്ര ആരാധകരില്ലെന്ന് നിസംശയം പറയാം. അരിജിത്ത് സിംഗിന്റെ കടുത്ത ആരാധകനായ ഹരിയ്ക്ക് ആ വിളി നൽകുന്ന ആത്മവിശ്വാസം ഏറെയാണ്. പക്ഷേ അപ്പോഴും മെലഡി ഗായകനായി മാത്രം തന്നെ ഒതുക്കരുതെന്നാണ് ഹരി പറയുന്നത്.
ഹരിയുടെ സംഗീതത്തിലേക്കുള്ള യാത്ര ഏറെ വ്യത്യസ്തമായിരുന്നു. ഡോക്ടറാകാൻ പഠിച്ച ചെറുപ്പക്കാരൻ എങ്ങനെ സംഗീതജ്ഞനായെന്ന് ചോദിച്ചാൽ ഒരു ചിരിയിൽ ഹരി ഉത്തരം പറയും.
''പഠിച്ചത് ബി.ഡി.എസായിരുന്നു. അന്ന് ഉപരിപഠനം എന്ന ലക്ഷ്യത്തിലാണ് അതിന് ചേർന്നത്. പക്ഷേ ഇനി ഡോക്ടർ കുപ്പായം അണിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്തായാലും പഠനത്തിന്റെ പകുതി വഴിയെത്തിയപ്പോഴേക്കും മനസിലായി തുടങ്ങിയിരുന്നു, ഇതല്ല എന്റെ പാഷനെന്ന്." സംഗീതമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിയുന്നത് ബി.ഡി.എസ് ക്ലാസ് റൂമുകളിലാണെന്ന് ഹരി പറയും. കൂടെയുണ്ടായിരുന്ന സംഗീതത്തെ കൂട്ടുകാരനാക്കി മുന്നോട്ടു പോകാൻ തീരുമാനിച്ചത് അക്കാലത്താണ്.
ആദ്യം പാടിയത് ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ 'കാരണവർ" എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതുകഴിഞ്ഞ് 'ഓർമ്മയുണ്ടോ ഈ മുഖം" എന്ന ചിത്രത്തിൽ ഷാൻ റഹ്മാനൊപ്പം. പിന്നീട് വിദ്യാസാഗറിനൊപ്പം 'എന്നും എപ്പോഴും" എന്ന ചിത്രത്തിൽ. അവിടെ നിന്നങ്ങോട്ട് ഹരിശങ്കർ എന്ന ഗായകന്റെ വിജയയാത്ര തുടങ്ങുകയാണ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം. യൂ ട്യൂബിൽ മില്യൺ ആൾക്കാരാണ് ഓരോ പാട്ടും കേട്ടു കഴിഞ്ഞിരിക്കുന്നത്. പാടിയ പാട്ടെല്ലാം ഹിറ്റാണെന്ന അഭിമാനാർഹമായ നേട്ടത്തിലെത്തി നിൽക്കുകയാണിന്ന് ഈ ചെറുപ്പക്കാരൻ.
വിജയത്തിന്റെ മുന്നിൽ വിനായാന്വിതനാകുമ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, സിനിമയിലേക്കുള്ള വരവ് അല്പം നേരത്തേ ആയിപ്പോയില്ലേയെന്ന്. എന്നാൽ, ഇതാണ് തന്റെ ശരിയായ സമയമെന്ന് വിശ്വസിക്കാനാണ് ഹരിക്കിഷ്ടം.
''കുടുംബ പാരമ്പര്യം പറഞ്ഞ് എവിടെയും പോയി അവസരം ചോദിച്ചിട്ടില്ല. എന്നോടുള്ള വിശ്വാസം കൊണ്ട് കിട്ടിയ അവസരങ്ങളാണ് ഇതെല്ലാം. പിന്നെ പാരമ്പര്യം നോക്കി അവസരങ്ങൾ കിട്ടിയിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്നാണ് തോന്നുന്നത്. അവനവന് കഴിവില്ലെങ്കിൽ ഒരു രംഗത്തും പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് ഹരിശങ്കർ പറയുന്നത്.""
സംഗീത കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ പിന്നണി ഗാനരംഗത്തേക്കുള്ള ഹരിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. സ്റ്റേജ് ഷോകളും യൂട്യൂബും തന്നെയായിരുന്നു അതിനേറെ സഹായിച്ചത്.
''കച്ചേരി നടത്താൻ വേണ്ടിയായിരുന്നു വീട്ടിൽ നിന്ന് പാട്ട് പഠിപ്പിച്ചത്. ക്ലാസിക്കൽ സംഗീതമായതു കൊണ്ട് അത് മാത്രമേ ചെയ്യൂവെന്നില്ല. എല്ലാം ചെയ്യുന്നുണ്ട്. പ്രഗതിയും അങ്ങനെയാണ്. ഭാഗ്യമുള്ളതു കൊണ്ടാണ് ഈ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത്. ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയത് അഞ്ചു വയസിലാണ്. അതും ദാസേട്ടനൊപ്പം സാഫല്യം എന്ന ചിത്രത്തിൽ നാലു വരി. പക്ഷേ എനിക്കതൊന്നും ഓർമ്മയില്ല.
ഹിറ്റ് പാട്ടായ 'ജീവാംശമായി..." പാടിയത് ശ്രേയ ഘോഷാലിനൊപ്പമാണെന്നത് ഹരിയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. ശ്രേയ തന്റെ പാട്ട് കേട്ട ശേഷം നല്ല അഭിപ്രായം പറഞ്ഞുവെന്നറിഞ്ഞപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ലെന്ന് ഹരി പറയുന്നു. പുതുതലമുറ ഗായകരെല്ലാം ഹരിയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അതുകൊണ്ടു തന്നെ ആരുമായും ഒരു മത്സരവുമില്ല. പാടുന്ന പാട്ടുകളെല്ലാം ഹിറ്റാക്കുന്ന മാജിക് എന്താണെന്ന് ഹരിക്കുമറിയില്ല. ചിലപ്പോൾ ദൈവാനുഗ്രഹമാകാം, അല്ലെങ്കിൽ സമയം തെളിഞ്ഞതാകാം എന്ന നിഷ്കളങ്ക മറുപടിയിലൊതുക്കുകയാണ് ആ സന്തോഷം.
'തേടി വരുന്ന പാട്ടുകളാണ് എന്നെ ഹിറ്റാക്കുന്നത്. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ കിട്ടിയതെല്ലാം നല്ല പാട്ടുകളായിരുന്നു. ആ പാട്ടുകൾക്കെല്ലാം എന്റെ ശബ്ദവും ചേർന്നു. ചിലതിന് എന്റെ ശബ്ദം മാച്ചാകണമെന്നില്ല. പിന്നെ ഹിറ്റാകാൻ വേണ്ടി ഒരു പാട്ടും ഞാൻ പാടാറില്ല. പരമാവധി നന്നാക്കാൻ ശ്രമിക്കാറുണ്ട്. ഒരു പാട്ടും മോശമാകരുതെന്ന് ആഗ്രഹമുണ്ട്. " പാട്ട് പോലെ പ്രധാനമാണ് ഫീലും. സ്വയം ആസ്വദിച്ച് പാടിയാൽ മാത്രമേ അത് അതേ അളവിൽ പുറത്തേക്കൊഴുകൂവെന്നാണ് ഹരി പറയുന്നത്. കവർ സോംഗുകൾക്ക് ഇത്രയും മനോഹാരിത കിട്ടിയത് ഹരിശങ്കറിലൂടെയാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.
സിനിമ പോലെ തന്നെയാണ് ഹരിശങ്കറിന്റെ വിവാഹവും. അല്പം നേരത്തേ കുടുംബ ജീവിതത്തിലേക്ക് കടന്നു. 23ാമത്തെ വയസിൽ കൂടെ പഠിച്ച ഗാഥ സിദ്ധാർത്ഥനെ ജീവിത പങ്കാളിയാക്കി. ഹരിശങ്കറിന്റെ സംഗീത പ്രണയത്തിന് കൂട്ടായി ഇന്ന് പ്രഗതി ബാൻഡുമുണ്ട്. ഹരിയും സുഹൃത്തുക്കളും ചേർന്ന് ഒരു വർഷം മുമ്പാണ് പ്രഗതി തുടങ്ങുന്നത്. ഇന്നിപ്പോൾ ബാൻഡിന്റെ കീഴിൽ നിരവധി പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. 'ജിയാ ജലേ..." യുടെ കവർ സോംഗ് യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിംഗാണ്. പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന ഈ പിന്തുണയാണ് ഏറ്റവും വലിയ പ്രോത്സാഹനമെന്ന് പറയുമ്പോഴും ഇൻഡിപ്പെൻഡന്റ് പ്രോഗ്രാമുകളും ഉടൻ ഉണ്ടാകുമെന്ന ഉറപ്പും ഹരി പങ്കുവയ്ക്കുന്നു.
വരാൻ പോകുന്നത് ഇതിനേക്കാൾ വലിയ ഹിറ്റുകളായിരിക്കും എന്ന വിശ്വാസം ഹരിശങ്കറിനുണ്ട്. അതിനുള്ള തെളിവാണ് കൈ നിറയെയുള്ള അവസരങ്ങൾ. ഏതാണ്ട് എട്ടോളം പാട്ടുകൾ ഹരിയുടേതായി ഇനി റിലീസ് ചെയ്യാനുണ്ട്. അണിയറയിൽ ഒരുങ്ങുന്നവ വേറെയും. പിന്നെ സ്വന്തം ബാൻഡിന് വേണ്ടിയുള്ളത് വീണ്ടുമുണ്ട്. അങ്ങനെ നിന്നു തിരിയാൻ സമയമില്ല. ആ തിരക്കുകളിലും ഹരിയിലെ ഗായകൻ സ്വയം മിനുക്കിയെടുക്കുകയാണ് തന്റെ സ്വരവും ശബ്ദവും മനസും.