പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി. മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്ക് മാറ്റി. ഈ മാസം 20ന് മുമ്പ് സ്റ്റേയോ, സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയുള്ള സർക്കാർ ഉത്തരവോ കിട്ടിയില്ലെങ്കിൽ വിചാരണ വീണ്ടും തുടരും.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ, സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വ്യക്തമാക്കി. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകിയത്. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ട്. രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാദ്ധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ വിചാരണവേളയിൽ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |