സെൽഫ് ഡ്രൈവിംഗ് കാറുകൾ അഥവ സ്വയം ഡ്രൈവിംഗ് കാറുകൾ നിർമ്മിച്ച് ശതകോടീശ്വരന്മാരാകാൻ വർഷങ്ങൾക്ക് മുമ്പേ ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ കാർ നിർമ്മാതാക്കളും ഗവേഷണം നടത്തിയിട്ടുണ്ട്.
ഗൂഗിളിന്റെ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ വികാസം 2009 ജനുവരി 17ന് ആരംഭിച്ചു. ഗൂഗിളിന്റെ കൃത്രിമബുദ്ധി പരീക്ഷണശാലയുടെ ഡയറക്ടർ സെബാസ്റ്റ്യൻ ത്രൂണും ആന്റണീസ് റോബോട്ടുകളുടെ സ്ഥാപകനായ ആന്റണി ലെവൻ ഡോവ്സ്കിയും ചേർന്നാണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് ഈ ഗവേഷകർ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഇത്തരം കാറുകൾക്ക് ഭൂതകാലത്തെ എങ്ങനെ ഓർക്കാം, മുൻകാല അനുഭവങ്ങളുടെ ഓർമ്മകൾ എങ്ങനെ സൃഷ്ടിക്കാം എന്നുള്ളതായിരുന്നു. സ്വന്തം അനുഭവങ്ങളിൽനിന്ന് കാറിന് പഠിക്കാനും ഇപ്പോൾ സാങ്കേതികവിദ്യകളുണ്ട്. ന്യൂയോർക്കിലെ കോർണെൽ ആൻ എസ്. ബോവേഴ്സ് കോളേജ് ഒഫ് കമ്പ്യൂട്ടിംഗ് ആൻഡ് ഇൻഫർമേഷൻ സയൻസിലേയും കോളേജ് ഒഫ് എൻജിനിയറിംഗിലെയും ഗവേഷകർ കഴിഞ്ഞ ജൂൺ 19 മുതൽ 24 വരെ ന്യൂ ഓർലിയാൻസിൽ നടന്ന കമ്പ്യൂട്ടർ വിഷൻ ആൻഡ് പാറ്റേൺ റെക്കഗ്നിഷൻ കോൺഫറൻസിൽ ഇതിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു.
ന്യൂറെൽ നെറ്റ്വർക്കുകളും
സെൻസറുകളും
കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് മനുഷ്യമസ്തിഷ്കത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ന്യൂറെൽ നെറ്റുവർക്കുകൾ. മസ്തിഷ്കത്തിലെ ന്യൂറോണുകൾ പരസ്പരം സിഗ്നൽ കൈമാറുന്ന രീതിയെ അനുകരിച്ചാണ് ഈ നെറ്റുവർക്കുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ഉയർന്ന പ്രകാശവും ശബ്ദവും ഒത്തുചേർന്ന് വസ്തുക്കളിലേക്കുള്ള ദൂരം കണക്കാക്കാനുള്ള ലിഡാറുകളും ലേസറുകളും ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും കാണാൻ സാധിക്കുന്ന ഉയർന്ന വ്യക്തതയുള്ള കാമറകളും റോഡിന്റെ നിയമങ്ങൾ പഠിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൽ സഹായിക്കുന്ന കമ്പ്യൂട്ടറുകളും ഡ്രൈവറില്ലാ കാറിലുണ്ട്. കാറിലെ കമ്പ്യൂട്ടറുകൾ വിവരങ്ങളെല്ലാം സംയോജിപ്പിച്ച് മറ്റുകാറുകൾ, കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവ എവിടെയാണെന്നും എവിടേക്ക് പോകുന്നുവെന്നും മനസിലാക്കാനുമുള്ള സംവിധാനങ്ങളും ഉണ്ട്. വാഹനാപകടങ്ങളെ നേരിടാനും റോഡിലെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനും റോഡ് മുറിച്ചു നടക്കുന്നവരെ എങ്ങനെ മുട്ടാതെ മുന്നോട്ട് പോകണം ഇതിന് ആവശ്യമായ പ്രോഗ്രാമുകളെല്ലാം ഈ കാറിലുണ്ട്. പ്രതികൂല കാലാവസ്ഥയിൽ കാറിന് അതിന്റെ സെൻസറുകളെ വേണ്ട രീതിയിൽ ആശ്രയിക്കാൻ കഴിയാത്തപ്പോൾ മുൻകാല അനുഭവങ്ങളുടെ ഓർമ്മകൾ സൃഷ്ടിക്കാനും ഭാവിയിൽ അവയെ വീണ്ടും ഉപയോഗിക്കാനുമുള്ള മാർഗങ്ങളെപ്പറ്റിയാണ് ന്യൂ ഓർലിയാൻസിലെ കോൺഫറൻസിൽ ചർച്ച ചെയ്യപ്പെട്ടത്.
2023 മേയിൽ ടെസ്ല കമ്പനിയുടെ ഡ്രൈവറില്ലാകാറുകൾ ലഭിച്ചു തുടങ്ങും. വില 54 ലക്ഷം രൂപ മാത്രം. മികച്ച സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പട്ടികയിലെ ആദ്യത്തെ പത്തുപേരിൽ നാലാമനാണ് ടെസ്ല കമ്പനി. ഡ്രൈവറില്ലാകാർ ഇന്ത്യയിൽ 2022 മാർച്ചിൽ ഇറക്കുമെന്നാണ് മുംബെയ് ആസ്ഥാനമായുള്ള ഓട്ടോ മൊബൈൽ കമ്പനി പറഞ്ഞിരുന്നത്.
സുരക്ഷിത വാഹനം
സെൽഫ് ഡ്രൈവിംഗ് കാറുകൾ മനുഷ്യൻ ഓടിക്കുന്ന കാറുകളേക്കാൾ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനികളുടെ അവകാശവാദം. പ്രായമായവർക്കും വികലാംഗർക്കും ഇത് ആധുനിക ജീവിതത്തിന്റെ മൂല്യവത്തായ ഒരു ഭാഗമാകും. ഫോൺ ചെയ്താൽ വീട്ടുപടിക്കൽ എല്ലാ സാധനങ്ങളും എത്താനുള്ള മാർഗമുള്ളപ്പോൾ എന്തിനാണ് ഈ സ്വയം ഡ്രൈവിംഗ് കാറുകൾ എന്ന് ചോദിക്കുന്നവരുമുണ്ട്.
ഡോ. വിവേകാനന്ദൻ പി. കടവൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |