കൊല്ലം: കോർപ്പറേഷൻ മേയറുടെ ഓഫീസിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിജിലൻസ് അന്വേഷണം നടക്കുന്ന വിവാദ ഫയലുകളാണ് അഗ്നിബാധയിൽ കത്തിപ്പോയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ആരോപണം.
സുപ്രധാന ഫയലുകൾ സൂക്ഷിക്കാൻ മേയറുടെ ഓഫീസിനോട് ചേർന്ന് മറ്റൊരു മുറിയുണ്ട്. ഈ മുറിയിൽ തീ പടർന്നിട്ടില്ലെങ്കിലും ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകു. അന്വേഷണം നേരിടുന്ന തീരുമാനങ്ങളുടെയും പദ്ധതികളുടെയും ഫയലുകൾ കത്തിനശിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
മൂവ്മെന്റ് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താതെ എത്തിച്ച ഫയലുകളും മേയറുടെ കാബിനിലെ അലമാരയിൽ ഉണ്ടായിരുന്നുവെന്നും അരോപണമുണ്ട്. അതുകൊണ്ട് കത്തിനശിച്ച ഫയലുകൾ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്.
കോർപ്പറേഷനിൽ വിജിലൻസ് പരിശോധന നടത്തിയതിന് പിന്നാലെയുള്ള തീപിടിത്തം ദുരൂഹത വർദ്ധിപ്പിക്കുന്നു.സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് സമാനമായ സംഭവമാണ്. അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുമെന്ന ഘട്ടം വരുമ്പോൾ സി.പി.എമ്മിന്റെ സ്ഥിരം അടവാണിത്.
ബിന്ദുകൃഷ്ണ, എ.ഐ.സി.സി അംഗം
വിജിലൻസ് അന്വേഷണത്തിനൊപ്പം എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിലുള്ള പരാമർശത്തിലും അന്വേഷണം നടക്കുന്നതിനിടയിലാണ് തീപിടിത്തം. ഫയലുകൾ കത്തി നശിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം.
ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അഴിമതി ആരോപണം നേരിടുന്ന ഫയലുകളാണ് കത്തിനശിച്ചവയിൽ അധികവും. തീപിടിത്തം ബോധപൂർവം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നു.
ടി.ജി. ഗിരീഷ്
ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ
അനധികൃത നിർമ്മാണം, നിയമവിരുദ്ധമായി കെട്ടിട നമ്പർ നൽകൽ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കോർപ്പറേഷനിൽ വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതുമായി കൂട്ടിവായിക്കുമ്പോൾ തീപിടിത്തം സംശയാസ്പദമാണ്.
കുരുവിള ജോസഫ്
കോൺഗ്രസ് കൗൺസിലർ