പിണറായി :അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2600 പേർ. ഇതിൽ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.
35 വയസ് കഴിഞ്ഞവർ, പങ്കാളി മരിച്ചവർ, നിയമപരമായി ബന്ധം വേർപെടുത്തിയവർ, പുനർവിവാഹം ആഗ്രഹിക്കുന്നവർ
തുടങ്ങിയവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്സൈറ്റ് ആരംഭിച്ചത്. 25 വയസ് കഴിഞ്ഞ യുവതികൾക്കും രജിസ്റ്റർ ചെയ്യാം. മറ്റ് പഞ്ചായത്തുകളിലുള്ളവർക്ക് ഉൾപ്പടെ ഓൺലൈനായും പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാൽ വെബ്സൈറ്റിലെ ഫോൺ നമ്പറിലൂടെ പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ ബന്ധപ്പെടണം. തുടർന്ന് പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മറ്റി ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ നേരിട്ട് കാണാൻ അവസരമൊരുക്കും. തുടർന്ന് കൗൺസലിംഗും നൽകും.
ഇത് ജീവിതമാണ്....
35 വയസ് കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്ത ഒട്ടേറെപ്പേർ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് പ്രത്യേക സബ്കമ്മറ്റികൾ രൂപീകരിച്ച് വയസ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി. തുടർന്നാണ് 'ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങൾ' എന്ന സന്ദേശവുമായി വെബ്സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളിൽ പ്രായമുള്ള പുരുഷൻമാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റർ ചെയ്തത്.
വെബ്സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവർക്കായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കും-കെ.കെ. രാജീവൻ , പ്രസിഡന്റ്, പിണറായി ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |