ബദിയടുക്ക: ബന്ധം അവസാനിപ്പിച്ച യുവതിയെ വാക്കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശിയായ മുരുകേശിനെ (46) ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. ബേള വിഷ്ണുമൂർത്തിനഗറിലെ രാധ (36)യ്ക്കാണ് വെട്ടേറ്റത്. 40 വർഷം മുമ്പ് ബദിയടുക്കയിലെത്തിയ മുരുകേശ് വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയുമാണ്. ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുന്ന മുരുകേശ് ആദ്യം വിഷ്ണുമൂർത്തി നഗറിലെ ക്വാർട്ടേഴ്സിൽ രാധയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. നിയമപ്രകാരം ഇരുവരും വിവാഹിതരായിരുന്നില്ല. രാധയുമായി മുരുകേശിന് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. പിന്നീട് മുരുകേശ് രാധയുമായി തെറ്റിപ്പിരിഞ്ഞു. ഇപ്പോൾ മാസങ്ങളായി ഇരുവരും വെവ്വേറെയാണ് താമസം. രാധ മുമ്പ് വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഇതിനിടെയാണ് മുരുകേശനുമായി അടുപ്പത്തിലായി ഒരുമിച്ച് താമസിച്ചിരുന്നത്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ മുരുകേശ് രാധയുടെ താമസസ്ഥലത്തെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത യുവതിയുടെ കഴുത്തിന് നേരെ വാക്കത്തി വീശി. രാധ ബഹളം വെച്ചതോടെ മുരുകേശ് സ്ഥലം വിടുകയായിരുന്നു. തുടർന്നാണ് രാധ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |