ഇ.എസ്.ഐ അനുകൂല്യം ലഭിക്കേണ്ട ധാരാളം തൊഴിലാളികൾ ജില്ലയിലുണ്ടെങ്കിലും അജ്ഞത കാരണം പലർക്കും അർഹമായത് ലഭിക്കുന്നില്ല. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അധികം പേർക്കും ആനുകൂല്യം നഷ്ടമാകാൻ കാരണം.
നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പരിരക്ഷിത വ്യക്തിയുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നതിന് വരെ
സാദ്ധ്യതയുണ്ടായിട്ടും അതിനുവേണ്ടി ശ്രമിച്ചവരുടെ എണ്ണം കുറഞ്ഞുപോയതും ഇതേ അജ്ഞതകൊണ്ടാണ്.
ഇ.എസ്.ഐപദ്ധതിയെക്കുറിച്ചും അതിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമാക്കുന്ന പരമ്പര.
കൊല്ലം: തൊഴിലാളികൾക്ക് രോഗം, പ്രസവം, തൊഴിൽ അപകടം കാരണമുണ്ടാകുന്ന വൈകല്യം, മരണം തുടങ്ങിയവയുടെ ആഘാതത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും പരിരക്ഷയിലുൾപ്പെട്ട വ്യക്തിക്കും കുടുംബാംഗങ്ങൾക്കും വൈദ്യപരിചരണം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് അഥവ ഇ.എസ്.ഐ. പത്തോ അതിലധികമോ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഓവർ ടൈം അലവൻസ് ഒഴികെ പ്രതിമാസം 21,000 രൂപ വരെ പരമാവധി വേതനം കൈപ്പറ്റുന്ന ജീവനക്കാർക്ക് ഈ പദ്ധതിയുടെ സംരക്ഷണം ലഭിക്കും. വേതനത്തിന്റെ നിർദ്ദിഷ്ട ശതമാനം കണക്കാക്കി മാസംതോറും തൊഴിലുടമ, തൊഴിലാളി എന്നിവരുടെ വിഹിതത്തിൽ നിന്നാണ് ഇ.എസ്.ഐ ഫണ്ട് സ്വരൂപിക്കുന്നത്. ചികിത്സാആനുകൂല്യം, സാമ്പത്തിക ആനുകൂല്യം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ഇ.എസ്.ഐ സാമൂഹ്യ സുരക്ഷാആനുകൂല്യങ്ങൾ നൽകുന്നത്.
ചികിത്സാആനുകൂല്യം
1. ഇൻഷ്വർ ചെയ്ത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ചികിത്സ
2. തൊഴിലിൽ പ്രവേശിച്ച ആദ്യദിനം മുതൽ ചികിത്സയ്ക്ക് അർഹത
3. ആനുകൂല്യ കാലയളവിൽ അതിവിദഗ്ദ്ധ ചികിത്സയ്ക്കും അർഹത
4. ദീർഘകാല രോഗം, പ്രസവം, തൊഴിൽ അപകടങ്ങൾ എന്നിവയ്ക്കും അതിവിദഗ്ദ്ധ ചികിത്സ
ആനുകൂല്യം ലഭ്യമാകുന്നത്
ഔട്ട് പേഷ്യന്റ് ചികിത്സ
വീട്ടിലെത്തിയുള്ള ചികിത്സ
സ്പെഷ്യലിസ്റ്റ് ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ
ആശുപത്രിയിൽ കിടത്തി ചികിത്സ
സൗജന്യ മരുന്നുകളും ഡ്രസിംഗും
എക്സ്റേ, ലബോറട്ടറി പരിശോധന
പ്രതിരോധ കുത്തിവയ്പ്പുകൾ
കുടുംബക്ഷേമ പ്രവർത്തനങ്ങൾ
കൃത്രിമ അവയവങ്ങൾ
സാമ്പത്തിക ആനുകൂല്യം
1. പ്രസവം, തൊഴിൽ അപകടം തുടങ്ങിയവയാൽ ഉണ്ടാകുന്ന അവശത, മരണം, തൊഴിൽജന്യരോഗങ്ങൾ കാരണം വേതനം നഷ്ടപ്പെട്ടാൽ
2. സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തൊഴിൽ നഷ്ടം
3. 40 ശതമാനത്തിൽ കുറയാത്ത തൊഴിലുമായി ബന്ധപ്പെട്ടല്ലാത്ത അപകടങ്ങളിലൂടെയുണ്ടാകുന്ന തൊഴിൽ നഷ്ടം
ഇ.എസ്.ഐ കേരളത്തിൽ
പദ്ധതി ആരംഭിച്ചത്: 1956 സെപ്തംബർ 16
രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ: 52073
ഇൻഷ്വർ ചെയ്ത തൊഴിലാളികൾ: 11 ലക്ഷം
ഗുണഭോക്താക്കൾ: 44 ലക്ഷം
സാമ്പത്തിക ആനുകൂല്യത്തിന് : 54 ബ്രാഞ്ച് ഓഫീസുകൾ
ആദ്യ ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്: അടിമാലിയിൽ (2018)
ഡിസ്പെൻസറികൾ: 146
ആശുപത്രികൾ: 09
ഇ.എസ്.ഐയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികൾ: 03 (ആശ്രാമം, എഴുകോൺ, ഉദ്യോഗമണ്ഡൽ )
അതിവിദഗ്ദ്ധ സൗജന്യ ചികിത്സയ്ക്കായി കരാറിലേർപ്പെട്ട സ്വകാര്യ ആശുപത്രികൾ: 53
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |