കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം,തഴുത്തല ചേരിയിൽ,വാഴവിള വീട്ടിൽ അഭിനവ് ബൈജുവിനെയാണ് (21) കിളിമാനൂർ പൊലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14 വയസുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.ഇക്കഴിഞ്ഞ 12ന് പെൺകുട്ടി പഠിക്കുന്ന സ്കൂളിലെത്തിയ യുവാവ് ബൈക്കിൽ പെൺകുട്ടിയേയും കൂട്ടി മയ്യനാട് താന്നി ബീച്ചിൽ പോയശേഷം കൊട്ടിയത്തുള്ള വീട്ടിലെത്തിച്ചായിരുന്നു പീഡനം.
പെൺകുട്ടി ഒരാഴ്ചയായി സ്കൂളിൽ വരാത്തതിനെ തുടർന്ന് അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു.തുടർന്ന് സ്കൂളിലെത്തിയ രക്ഷിതാവ് അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് യുവാവുമായുള്ള ബന്ധം ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരങ്ങൾ പുറത്തറിഞ്ഞത്.സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. കിളിമാനൂർ ഐ.എസ്.എച്ച് ഒ.എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായർ,എ.എസ്.ഐ താഹിറുദ്ദീൻ,സീനിയർ സി.പി.ഒ മഹേഷ്,ഷിജു,രജിത്ത് രാജ്, സി.പി.ഒമാരായ കിരൺ,വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |