കോട്ടയം: പ്രണയപ്പകയെ തുടർന്ന് പതിനേഴുകാരിയെ കത്രികയ്ക്ക് കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി.പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ അഖിലാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.പെൺകുട്ടിയുടെ കൈയിൽ കൈയിൽ നാല് തുന്നലുണ്ട്. പാമ്പാടി സ്വദേശിനിയായ പെൺകുട്ടി സുഹൃത്തായ മനുവിനൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയും അഖിലും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നു. അഖിലിന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് ഒരു മാസം മുൻപ് പെൺകുട്ടി പിന്മാറുകയും മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. പാമ്പാടിയിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയെയും സുഹൃത്തിനെയും അഖിൽ ബൈക്കിൽ പിന്തുടർന്നാണ് കറുകച്ചാലിൽ എത്തിയത്. അവിടെ വച്ച് പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പെൺകുട്ടിയും സുഹൃത്തും പരാതി നൽകാനായി കറുകച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് പോകവെ അഖിൽ കൈവശമുണ്ടായിരുന്ന കത്രികയ്ക്ക് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്താനുള്ള ശ്രമം പെൺകുട്ടി തടഞ്ഞതിനെ തുടർന്ന് ഇടതു കൈപ്പത്തിയ്ക്ക് പരിക്കേറ്റു. പെൺകുട്ടി സ്റ്റേഷനിലേയ്ക്ക് ഓടിക്കയറിയതോടെയാണ് അഖിൽ പിൻവാങ്ങിയത്. പെൺകുട്ടിയെ പൊലീസ് സമീപത്തെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് നിന്നുതന്നെ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |