വെഞ്ഞാറമൂട്: മുൻ വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ ഉദിമൂട് ശിവാലയത്തിൽ ഷിജുവിനാണ് (24) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരനാണ് (72) അറസ്റ്റിലായത്. വെഞ്ഞാറമൂട് നിന്ന് കാരേറ്റേക്കുള്ള യാത്രയ്ക്കിടെ ആലുന്തറ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ പിൻ സീറ്റിലിരിക്കുകയായിരുന്ന പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷിജുവിനെ ആഴത്തിൽ കുത്തുകയായിരുന്നു.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസാണ് മുറിവേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തമ്മിൽ നേരത്തെ വൈരാഗ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് കാരേറ്റ് നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |