കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർക്ക് ന്യായവില ഉറപ്പാക്കി നാടൻ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്ന സമൃദ്ധി സംഭരണ, വിതരണകേന്ദ്രം നെല്ലിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. നെല്ലിമറ്റം പുല്ലുകുത്തിപ്പാറയായിലാണ് സമൃദ്ധി വിപണനകേന്ദ്രം സ്ഥിതിചെയ്യുന്നത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള സംഭരണ വിപണന കേന്ദ്രമാണ് 'സമൃദ്ധി'. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5.8 ലക്ഷം രൂപ ചെലവിലാണ് സമൃദ്ധി കേന്ദ്രം നിർമ്മിച്ചത്.
രണ്ട് വർഷം മുമ്പ് കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാർഷിക വിപണി സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ബ്ലോക്ക് തലത്തിലുള്ള വിപണിയുടെ ആവശ്യകതയും സാദ്ധ്യതയും തിരിച്ചറിഞ്ഞ് 'സമൃദ്ധി' എന്ന ആശയം രൂപംകൊണ്ടത്.
പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത 15 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് വിപണിയുടെ പ്രവർത്തനം.
കർഷകർക്ക് ഉത്പന്നങ്ങൾ എല്ലാ ദിവസവും സമൃദ്ധി കേന്ദ്രത്തിൽ എത്തിക്കാം. ഉത്പന്നങ്ങൾ ന്യായമായ വിലയിൽ സംഭരിക്കും. എല്ലാ വ്യാഴാഴ്ചയും ചന്തദിവസമായി നിശ്ചയിച്ചിട്ടുണ്ട്. അന്ന് മാത്രം സംഭരണവും വിപണനവും ചന്തയുടെ രീതിയിലായിരിക്കും.
കർഷകർക്ക് ഉത്പന്നങ്ങൾ സമൃദ്ധി കേന്ദ്രത്തിൽ എത്തിക്കാം.
കാർഷിക ഉത്പന്നങ്ങൾ ന്യായ വിലയിൽ സംഭരിക്കും
വ്യാഴാഴ്ച ചന്തദിവസമായി നിശ്ചയിച്ചു
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കും
സമൃദ്ധി കേന്ദ്രം നിർമ്മിച്ചത് 5.8 ലക്ഷം രൂപ ചെലവിട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |