കൊടുമൺ : മഹാത്മജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ സാന്ദ്രയുടെയും അശ്വതിയുടെയും വിവാഹങ്ങൾ 'സ്വയംവരം' നാളെ നടക്കും. വൈകിട്ട് മൂന്നിന് കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലാണ് ചടങ്ങുകൾ. കടമ്മനിട്ട സ്വദേശി ഷീനയുടെ മകളാണ് സാന്ദ്ര. വൈക്കം സ്വദേശിനി ഗിരിജയുടെ മകളാണ് ബി.അശ്വതി. ബി.ബി.എ പഠനം പൂർത്തിയാക്കിയ സാന്ദ്ര, കൊടുമൺ കൊച്ചുതുണ്ടിൽ വീട്ടിൽ മോനി ഫിലിപ്പ് - ജെസി ദമ്പതികളുടെ മകൻ അൻസു മോനിയെയാണ് വരനായി സ്വീകരിക്കുന്നത്. കൊല്ലം കുണ്ടറ പടപ്പക്കര നെല്ലിമുക്കം ലക്ഷംവീട്ടിൽ ക്രിസ്റ്റി - ജാൻസി ദമ്പതികളുടെ മകൻ ബിനുവാണ് അശ്വതിയുടെ വരൻ. മഹാത്മ ജനസേവനകേന്ദ്രം ഡയറക്ടർ രാജേഷ് തിരുവല്ലയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി വീണാജോർജ്, ആന്റോ ആന്റണി എം.പി, കെ.യു.ജനീഷ്കുമാർ എം.എൽ.എ, ചലച്ചിത്ര നടനും സംവിധായകനുമായ നാദിർഷ, മഹാത്മ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സീമ ജി.നായർ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഏഴംകുളം ഇമാം അൽ ഹാഫിസ് യൂസഫ് അൽ കൗസരി അൽ ഖാസിമി, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവൽ ഉടയോൻമുറ്റം അമ്പലത്തിന് സമീപം ലഭിച്ച 18 സെന്റ് സ്ഥലത്തിൽ 8 സെന്റും അതിൽ നിർമ്മിച്ച വീടും സാന്ദ്രയ്ക്കും ബാക്കി 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹസമ്മാനമായി നൽകും. മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകരുടെ കരുതൽ നിധിയിൽ നിന്ന് രണ്ടു പേർക്കും 5 പവൻ വീതമുള്ള സ്വർണാഭരണങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |