ഇരട്ടിമധുരമായി ഇരട്ടകൾക്ക് സ്വർണം
കൊച്ചി: റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം മിന്നും താരങ്ങളായത് ഇരട്ടകളായ അലീന മരിയ ജോണും അനീറ്റ മരിയ ജോണും. ട്രാക്കിൽ തീപാറും പോരാട്ടവുമായി മത്സരിച്ച ഇനത്തിൽ സ്വർണം നേടിയാണ് ഇരുവരും കളംവിട്ടത്. അലീന സീനിയർ വിഭാഗം 800മീറ്ററിലും അനീറ്റ സീനിയർ വിഭാഗം 100മീറ്ററിലുമാണ് പൊന്നണിഞ്ഞത്.
മേളയുടെ താരങ്ങളായി പ്ലസ്വൺ വിദ്യാർത്ഥികളായ ഇരുവരും മാറുമോ എന്നറിയാൻ അവസാനദിനം വരെ കാത്തിരിക്കണം. അലീനയ്ക്ക് ഇനി 400, 1,500മീറ്ററുകളിലും അനീറ്റയ്ക്ക് 200, 400മീറ്ററുകളിലു മത്സരം ബാക്കിയുണ്ട്.
എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികളായ ഇവർ കഴിഞ്ഞ ആറുവർഷമായി എറണാകുളത്തെ മേഴ്സിക്കുട്ടൻ അക്കാഡമിയിലാണ് പരിശീലനം. ഇതിനോടകം എണ്ണം പറഞ്ഞ നേട്ടങ്ങൾ വാരിക്കൂട്ടിയ ഇരുവരും ദേശീയ കായികമേളകളിലെയും സന്നിദ്ധ്യങ്ങളാണ്.
അലീന 2017,18,19,21 വർഷങ്ങളിലെ സംസ്ഥാന സ്കൂൾ കായികമേളകളിൽ പങ്കെടുത്തിട്ടുണ്ട്.
2018നാഷണൽ യൂത്ത് മീറ്റിൽ 600മീറ്ററിൽ മൂന്നാംസ്ഥാനം നേടിയ അലീന 2018ൽ സംസ്ഥാന കായികമേളയിൽ 600മീറ്ററിലെ സ്വർണത്തിനു പിറകെ 400 മീറ്ററിൽ വെള്ളിയും നേടി. 2019ലെ സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗം 800മീറ്ററിൽ നാലാമതും 2021ൽ സ്വർണവും നേടി. ആ വർഷം ദേശീയ മേളയിൽ ജൂനിയർ വിഭാഗം മത്സരങ്ങൾ ഇല്ലാതിരുന്നതിനാൽ പങ്കെടുക്കാനായില്ല. 2022ലെ സംസ്ഥാന യൂത്ത് മീറ്റിലും അലീന സ്വർണം നേടി.
ഒട്ടും വിട്ടുകൊടുക്കില്ല അനീറ്റയും. 2018ലെ സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗം 400മീറ്ററിൽ സ്വർണം, 200ൽ വെള്ളി, 100ൽ വെങ്കലം എന്നിവ നേടി. 2021ലെ സംസ്ഥാന കായികമേളയിൽ ജൂനിയർവിഭാഗം 400ൽ വെള്ളി നേടി. 2019ൽ പക്ഷേ നാലാമതെത്താനേ കഴിഞ്ഞുള്ളു. 2018ലെ ദേശീയ കായികമേളയിൽ 400, റിലേ എന്നീ വിഭാഗങ്ങളിലും 19ൽ റിലേയിലും മത്സരിച്ചു. ജീപ്പ് ഡ്രൈവറായ സണ്ണിയുടെയും ബിന്ദുവിന്റെയും മക്കളാണ് കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശിനികളായ ഇരുവരും. മക്കൾ രണ്ടുപേരും മികച്ച കായികതാരങ്ങളാകണമെന്നാണ് ആഗ്രഹമെന്നും അതിനായി പൂർണ പിന്തുണ നൽകുമെന്നും അമ്മ ബിന്ദു കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |