SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

നാല് വർഷത്തി​ന് ശേഷം കേസ് വിസ്താരം, ഓർമകളിൽ നടുക്കമായി നരബലി

narabeli

ഇലന്തൂർ : കേട്ടുകേൾവി മാത്രമായ നരബലി ഇലന്തൂരിൽ നടന്നുവെന്ന് അറിഞ്ഞ നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. അത് ഇവിടെ നടക്കുമോ എന്ന പരിഹാസ ചോദ്യം പലരും ഉന്നയിച്ചു. എന്നാൽ, പ്രതികളുമായി പൊലീസ് എറണാകുളത്ത് നിന്ന് പുറപ്പെട്ടെന്ന വിവരം വല്ലാത്ത ഭയത്തിന് വഴിമാറി. 2022 ഒക്ടോബർ 11ന് പുളിന്തിട്ട - കാരംവേലി റോഡിൽ മദ്ധ്യഭാഗത്തായുള്ള കടകംപള്ളി വീട്ടിലേക്ക് നാട്ടുകാരും മാദ്ധ്യമങ്ങളുമായി വലിയ ആൾക്കൂട്ടമെത്തി. ആരെയും അകത്തേക്കു കടത്താതെ പൊലീസ് 'ഡു നോട്ട് ക്രോസ്" റിബൺ കെട്ടി. ബാരിക്കേഡുകൾ നിരന്നു. പകൽ പോലും ഇരുട്ട് മൂടിനിൽക്കുന്ന വീട്. ആൾപ്പൊക്കത്തിലുമേറെ കാടും പടർപ്പും വളർന്നു നിൽക്കുന്നു. വീട്ടിലേക്കുള്ള വഴിയുടെ ഇടതുവശത്ത് കാവും വിളക്കുതറയും. നാല് വർഷം കഴിഞ്ഞ് കേസിന്റെ വിസ്താരം എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ തുടങ്ങിയ വേളയിൽ നരബലി വീട് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. സമ്പത്ത് വർദ്ധിക്കാനും ഐശ്വര്യം ലഭിക്കാനുമായി ആഭിചാര ക്രിയകൾ നടന്നത് ഭഗവൽസിംഗ് എന്ന നാട്ടുവൈദ്യന്റെ കടകംപള്ളി വീട്ടിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി പൂജ നടത്തി വീടിനു സമീപം രണ്ടു കുഴികളിലായി​ ഇട്ട സംഭവമാണ് പുറത്തുവന്നത്. മാംസം വേവിച്ച് ഭക്ഷിച്ചുവെന്ന അറപ്പുളവാക്കുന്ന വിവരങ്ങൾ ഞെട്ടലുണ്ടാക്കി. ലോട്ടറി വിൽപ്പനക്കാരായ കാലടി സ്വദേശി റോസ്‌ലി (49), തമിഴ്നാട് സദേശി പത്മം (52) എന്നിവരെയാണ് കൊലപ്പെടുത്തിയത്. രണ്ടുപേരെയും ഇലന്തൂരിലെത്തിച്ചത് ഷാഫിയായിരുന്നു.

എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂരിലെ നാട്ടുവൈദ്യൻ കെ.വി.ഭഗവൽസിംഗ് (67), രണ്ടാംഭാര്യ ലൈല (58) എന്നിവരെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY