SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

പണമിരട്ടിപ്പ് തട്ടിപ്പ് വീരനെ ഓടിച്ചിട്ട് പിടികൂടി

currency

കൊച്ചി: നൽകുന്ന പണത്തിന് ഇരട്ടി മടക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് 60,000 രൂപ തട്ടിയ യുവാവിനെ ഇടുക്കി സ്വദേശിയായ 20കാരനും സുഹൃത്തും തൃശൂരിൽ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. പാലക്കാട് മണ്ണാർക്കാട് സ്വദേശി വിനീഷിനെയാണ് (26) 20കാരനും കൂട്ടുകാരനും ചേർന്ന് കുടുക്കിയത്. ജനുവരി 14ന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ചാണ് ഇടുക്കി സ്വദേശിക്ക് പണം നഷ്ടമായത്. തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അങ്കമാലി പൊലീസിന് കൈമാറി.

ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് യുവാവ് പ്രതിയെ സമീപിച്ചത്. നൽകുന്ന തുകയ്ക്ക് ഇരട്ടി നൽകുമെന്നും യഥാർത്ഥ നോട്ട് തന്നെയാണെന്നും വിശ്വസിപ്പിച്ചു. തുടർന്ന് പണവുമായി അങ്കമാലിയിൽ എത്താൻ ആവശ്യപ്പെട്ടു. 60,000 രൂപ കൈമാറിയതിന് പിന്നാലെ ടേപ്പ് ചുറ്റിയ ഒരു കെട്ട് യുവാവിന് നൽകി. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാത്രം തുറന്നാൽ മതിയെന്നും പൊലീസിന്റെ കണ്ണിൽപ്പെടരുതെന്നും നിർദ്ദേശിച്ചു. വിനീഷ് സ്ഥലംവിട്ടതിന് പിന്നാലെ ബസിൽ വച്ച് കെട്ട് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിലുണ്ടായിരുന്നത് നോട്ടിന്റെ ആകൃതിയിലുള്ള കടലാസുകളാണെന്ന് തിരിച്ചറിഞ്ഞത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.

തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് മറ്റൊരു ഫോൺ നമ്പറിൽ നിന്ന് വിനീഷിനെ ബന്ധപ്പെട്ടു. വലിയൊരു തുക ഇരട്ടിയാക്കാനുണ്ടെന്ന് പറഞ്ഞതോടെ വിനീഷ് ഇവരോട് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്താൻ ആവശ്യപ്പെട്ടു. കടലാസ് കെട്ടുകളുമായി പതിവ് തട്ടിപ്പിന് എത്തിയ വിനീഷിനെ യുവാവും സുഹൃത്തും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

പൊലീസ് എത്തി വിനീഷിനെ കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പരാതിയിൽ കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ തട്ടിപ്പ് നടന്നത് അങ്കമാലിയിലായതിനാൽ തുടരന്വേഷണത്തിനായി എഫ്.ഐ.ആർ. അങ്കമാലി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY