SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ഓരുവെള്ള ഭീതിയ്ക്കൊപ്പം വരൾച്ചയും കീടബാധയും

ആലപ്പുഴ : കുംഭച്ചൂടിനിടെ ഓരുവെള്ളഭീതിയും തണ്ടുതുരപ്പനും കതിർപ്പേനുമുൾപ്പെടെയുള്ള കീടബാധയും കൂടിയായതോടെ പുഞ്ചക്കൊയ്ത്തുകാലത്ത് അസാധാരണ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കുട്ടനാട്ടിലെ കർഷക‌ർ. തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ ചീപ്പുകളിൽ നിന്ന് വേലിയേറ്റ സമയത്തുണ്ടാകുന്ന കവിഞ്ഞുകയറ്റം ഉപ്പുവെള്ളം പാടങ്ങളിലേക്ക് ഇരച്ചുകയറി നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ കാരണമായി.

എ.സി റോഡിന്റെ തെക്കേക്കരയിൽ നിന്ന് പുറക്കാട് വരെയുള്ള ഹെക്ടറുകണക്കിന് സ്ഥലത്തെ നെൽകൃഷിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ഓരുവെള്ളത്തിന്റെ ഭീഷണിയിലായത്. തോട്ടപ്പള്ളി സ്പിൽവേയ്ക്ക് പുറമേ തൃക്കുന്നപ്പുഴ, തോട്ടുകടവ് തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് തോടുകളിലൂടെ കുട്ടനാട്ടിലേക്ക് ഓരുവെള്ള പ്രവാഹമുണ്ട്. ഓരുമുട്ടുകൾ ശാസ്ത്രീയമായി റഗുലേറ്റ് ചെയ്യാൻ യാതൊരു സംവിധാനവുമുണ്ടാക്കാത്ത ഇറിഗേഷൻ- കൃഷി വകുപ്പുകൾ മണൽച്ചാക്ക് അടുക്കിയും താൽക്കാലിക റഗുലേറ്റിംഗ് സംവിധാനങ്ങൾ സജ്ജമാക്കിയുമാണ് ഓരുവെള്ളം നിയന്ത്രിച്ചിരുന്നത്. ചില സ്ഥലങ്ങളിൽ മണലുപയോഗിച്ച് താൽക്കാലിക ബണ്ടുകൾ നിർമ്മിച്ചെങ്കിലും ഭൂരിപക്ഷം ഓരുമുട്ടുകളും തുറന്ന് കിടക്കുന്നതിനാൽ ചുരുക്കം ചിലവ അടച്ചതിന്റെ പ്രയോജനവുമില്ല.

നിലവിൽ പുഞ്ചയുടെസീസണിന്റെ തുടക്കത്തിൽ കൃഷിയിറക്കിയ പാടങ്ങളിലെ നെല്ല് കതിരായി . ശേഷമുള്ളവ പൂക്കാനും കതിർ വയ്ക്കാനും തുടങ്ങുന്ന ഘട്ടമാണിപ്പോൾ. ഈഘട്ടത്തിൽ ഓരു ജലം പാടത്തേക്ക് പ്രവഹിച്ചാൽ നെൽച്ചെടികളുടെ വളർച്ചയെ അത് ബാധിക്കും. ഇക്കാര്യം കൃഷി- ഇറിഗേഷൻ വകുപ്പുകളെ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നാണ് കർഷകരുടെ ആരോപണം.

കാലാവസ്ഥാ വ്യതിയാനം വില്ലൻ

 പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറി നെൽച്ചെടികൾ കരിഞ്ഞാൽ നെൽമണികൾ പതിരായിപ്പോകും

 നല്ലവെള്ളം ആറ്റിൽ നിന്ന് പമ്പ് ചെയ്ത് കയറ്റാമെന്ന് കരുതിയാൽ പല പാടങ്ങളിലും പമ്പുകൾ തകരാറിലാണ്

 ഗ്യാരണ്ടി കാലാവധി കഴിഞ്ഞ പമ്പുകൾ കർഷകരും പാടശേഖരക്കാരും സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് നന്നാക്കുന്നത്

തണ്ടുതുരപ്പനും കതിർപ്പേനും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന മൂടലോടുകൂടിയ കാലാവസ്ഥയാണ് തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിദ്ധ്യത്തിന് കാരണമായത്. കീടബാധ കതിരുകൾ പതിരാകുന്ന വെൺകതിർ എന്ന അവസ്ഥയ്ക്ക് കാരണമാകും. നെൽച്ചെടികളിൽ കതിർ നിരക്കുന്ന സമയത്ത് കതിർപ്പേൻ ആക്രമണം പ്രതിരോധിക്കാൻ കൊതുമ്പു സമയം മുതൽ കതിർമണികളിൽ പാലൂറി നിറയും വരെ പാടത്ത് അഞ്ച് സെ.മീ. ഉയരത്തിൽ വെള്ളം നിർത്തണമെന്നാണ് കീടരോഗ നിരീക്ഷണ കേന്ദ്രം കർഷകരെ അറിയിച്ചത്. പമ്പുകൾ തകരാറിലായ പാടങ്ങളിൽ വെള്ളം കയറ്റി നിർത്താനും മാർഗമില്ല.

കുട്ടനാട്ടിലെ ചില പാടങ്ങളിൽ ഇപ്പോൾ കണ്ടുവരുന്ന കീടബാധയും ഓരുവെള്ള പ്രവാഹവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. കാർഷിക കലണ്ടർ പ്രകാരം കൃഷിയിറക്കൽ അസാദ്ധ്യമായിരിക്കെ ഓരുമുട്ടുകൾ ബലപ്പെടുത്തിയും പമ്പ് ഹൗസുകൾ കുറ്റമറ്റതാക്കിയും കൃഷിയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കണം

- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL