SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

 12 വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ മകൻ കൊല്ലപ്പെട്ടു 67ാം വയസിലും വനംവകുപ്പിനെതിരെ പോരാട്ടം തുടർന്ന് സലീല

rajeesh
കാട്ടാന കൊലപ്പെടുത്തിയ രജീഷ്

കൽപ്പറ്റ: ''പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വനംവകുപ്പിന് അങ്ങനെ രക്ഷപ്പെടാൻ കഴിയില്ല. എന്നെപ്പോലെ കേസുമായി മുന്നോട്ടുവരാൻ തയ്യാറായി വയനാട്ടിൽ നിരവധിപ്പേരുണ്ട്. കുടുംബം പുലർത്താൻ ഓടിനടന്ന മകന് അവരിട്ട വില ആറുലക്ഷം രൂപയാണ്!.'' പറഞ്ഞുനിറുത്തുമ്പോൾ പാപ്ളശ്ശേരി താഴത്തേടത്ത് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സലീലയുടെ കണ്ണൂകൾ ഈറനണിഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മകൻ രജീഷിനുവേണ്ടി വനംവകുപ്പിനെതിരെ 67-ാം വയസിലും സലീല പോരാട്ടത്തിലാണ്. വാകേരി കൂടല്ലൂരിൽ മൂടക്കൊല്ലിയിലായിരുന്നു ആദ്യം താമസം. അഞ്ചേക്കറിലെ കൃഷി തകർന്നപ്പോൾ കുറെ ഭൂമി വിറ്റു. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവ് 2003ൽ ജീവനൊടുക്കി. പിന്നീട് അമ്മയേയും സഹോദരി രമ്യയേയും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രജീഷ് ഏറ്റെടുത്തു.

വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു വീടും പരസരവും. 2014 ഏപ്രിൽ 11ന് കാട്ടാനയുടെ ആക്രമണത്തിൽ രജീഷ് കൊല്ലപ്പെട്ടതോടെ കുടുംബം അനാഥമായി. ഇതിനിടെ സഹോദരിയെ വിവാഹം കഴിച്ച് അയച്ചിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ സഹോദരിക്ക് വനംവകുപ്പിൽ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും അതും നടപ്പായില്ല. നഷ്ടപരിഹാരത്തുകയിൽ തൃപ്തയായിരുന്നില്ല സലീല.

അഭിഭാഷകൻ കെ.ജെ.വിജയകുമാർ മുഖേന നൽകിയ ഹർജിയിൽ ബത്തേരി മുൻസിഫ് കോടതി 4.22 ലക്ഷം രൂപ കൂടി നൽകണമെന്ന് വിധിച്ചു.

എന്നാൽ പണം നൽകാൻ വനംവകുപ്പ് കൂട്ടാക്കിയില്ല. തുടർന്ന് കഴിഞ്ഞ ദിവസം മുത്തങ്ങ വയനാട് വന്യജീവി സങ്കേതത്തിൽ ജംഗിൾ സഫാരി നടത്തുന്ന രണ്ട് മിനി ബസുകൾ കോടതി പിടിച്ചെടുത്തു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ബസുകൾ ലേലം ചെയ്ത്‌ വിൽക്കുമെന്നാണ് കോടതിയുടെ താക്കീത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വനംവകുപ്പ്.

'' വയനാട്ടിൽ എത്ര പേരെ വന്യമൃഗങ്ങൾ കൊന്നു. ജനരോഷം ഭയന്ന് നഷ്ടപരിഹാരവും

ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കും. വനംവകുപ്പ് വാക്കുപാലിക്കാറേയില്ല. ''- സലീല

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL