SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ആര് കടക്കും ആ 'ഒറ്റ പാലം'

ottapalam
ഒറ്റപ്പാലം നിയോജക മണ്ഡലം

പാലക്കാട്: സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പു മുതൽ പാലക്കാട് ജില്ലയിൽ ഇപ്പോഴും നിലനിൽക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. സ്വാതന്ത്ര്യ സമര കാലത്തെ ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം. ആദ്യത്തെ കെ.പി.സി.സി സമ്മേളനം നടന്നത് അടക്കമുള്ള ചരിത്രത്തിലെ സുവർണ രാഷ്ട്രീയ അദ്ധ്യായങ്ങളും ഒറ്റപ്പാലത്തിനു സ്വന്തം. എന്നാൽ, കേരള സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണു കോൺഗ്രസിനു ജയിക്കാനായത്.

ഒറ്റപ്പാലത്തിന്റെ ആദ്യ നിയമസഭാ സാമാജികൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.വി.കുഞ്ഞുണ്ണി നായരാണ്. 1957, 1960 തിരഞ്ഞെടുപ്പുകളിൽ കുഞ്ഞുണ്ണിനായർ ജയിച്ചു. 1967 മുതൽ 77 വരെ സി.പി.എം നേതാവ് പി.പി.കൃഷ്ണൻ ജയിച്ചു. കോൺഗ്രസ് ആദ്യമായി ഒറ്റപ്പാലം പിടിച്ചത് 1977ൽ പി.ബാലനിലൂടെയാണ്. 1980ൽ കോൺഗ്രസ്(യു) സ്ഥാനാർത്ഥിയായും 1982ൽ കോൺഗ്രസ് (എസ്) സ്ഥാനാർത്ഥിയായും വി.സി.കബീർ ഇടതുപക്ഷ വിജയം തുടർന്നു. 1987ൽ കബീറിനെ തോൽപിച്ച് കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ ഒറ്റപ്പാലത്തു കോൺഗ്രസിന്റെ രണ്ടാം വിജയം രേഖപ്പെടുത്തി. 1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷം ശക്തമായ കോൺഗ്രസ് തരംഗമുണ്ടായിട്ടും ഇടതുസ്ഥാനാർത്ഥി വി.സി.കബീറിനായിരുന്നു ജയം. 2021ൽ ഡിവൈ.എഫ്‌.ഐ നേതാവും സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റുമായ കെ.പ്രേംകുമാർ വെന്നിക്കൊടി നാട്ടി. അന്നു പ്രേംകുമാർ പരാജയപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോ.പി.സരിൻ ഇപ്പോൾ ഇടതുപക്ഷത്താണ്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ 2208 വോട്ടുകളുടെ ലീഡ് കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠൻ നേടി. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡിഎ.ഫിനു നിരാശയായിരുന്നു. മണ്ഡലം പരിധിയിലെ കടമ്പഴിപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിജയിച്ചതാണ് ആശ്വാസം. കോൺഗ്രസിന്റെ സംഘടനാ സംവിധാനം മണ്ഡലത്തിൽ ദുർബലമാണ്. സി.പി.എം ഭരിക്കുന്ന പലതദ്ദേശ സ്ഥാപനങ്ങളിലും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെയും പ്രകടനം ബി.ജെ.പിക്കു പ്രതീക്ഷ നൽകുന്നതാണ്. മുൻ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, കഴിഞ്ഞ തവണ മത്സരിച്ച പി.വേണുഗോപാലൻ എന്നിവരെയാണു ബി.ജെ.പി പരിഗണിക്കുന്നത്.

ജില്ലയിലെ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാരിൽ വീണ്ടും മത്സരിക്കുന്നതിൽ കെ.പ്രേംകുമാറും ഉണ്ട്. അതേസമയം, കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.പി.സരിൻ ഇത്തവണ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ച‌ർച്ചകളുണ്ട്. കെ.പി.സി.സി സെക്രട്ടറിയും അദ്ധ്യാപക സംഘടന നേതാവുമായ പി.ഹരിഗോവിന്ദനെയാകും കോൺഗ്രസ് കളത്തിലിറക്കുക. മുൻ എം.എൽ.എ പി.കെ.ശശി സി.പി.എം വിട്ടുവന്നാൽ ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിപ്പിക്കാമെന്ന് യു.ഡി.എഫ് ക്യാമ്പ് കരുതിയിരുന്നെങ്കിലും ലക്ഷ്യംകണ്ടില്ല. ഇതോടെ ഹരിഗോവിന്ദനെ തന്നെ ഇറക്കാനാകും നീക്കം.

 2021 നിയമസഭാ ഫലം
കെ.പ്രേംകുമാർ (സിപിഎം): 74,859
ഡോ.പി.സരിൻ (കോൺ): 59,707
പിവേണുഗോപാലൻ (ബിജെപി): 25,056
ഭൂരിപക്ഷം: 15,152 (എൽഡിഎഫ്)

 യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: കരിമ്പുഴ, തച്ചനാട്ടുകര
 എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ഒറ്റപ്പാലം നഗരസഭ, ലക്കിടി - പേരൂർ, അമ്പലപ്പാറ, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL