SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

പാലക്കാടൻ പാണ്ടിക്കാറ്റ് ഇടത്തേക്കോ വലത്തേക്കോ?​

ldf

പാലക്കാട്: വീണ്ടുമൊരു വിധിയെഴുത്തിനായുള്ള തയ്യാറെടുപ്പിലാണ് നെല്ലറ. ചൂടേറിയ രാഷ്ട്രീയ ചർച്ചകളാണ് നാടെങ്ങും. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ സീറ്റ് നിലമെച്ചപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങുന്ന 'ടീം യു.ഡി.എഫ്' പാലക്കാട് നിന്ന് 7 പേരെ നിയമസഭയിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ്. വിസ്മയങ്ങൾ പ്രതീക്ഷിച്ചത്ര ഫലംകണ്ടില്ലെങ്കിലും ഇപ്പോഴും അണിയറ നീക്കങ്ങൾ സജീവമാണ്. ഇടതുപക്ഷത്തിന് വളക്കൂറുള്ള പാലക്കാടൻ മണ്ണിൽ ഏതൊരു വിരുദ്ധ തരംഗമുണ്ടായലും സി.പി.എമ്മിന് എട്ടു സീറ്റുകൾ ഉറപ്പാണെന്നും ഘടകകക്ഷികൾക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും ഇടതുമുന്നണി വിലയിരുത്തുന്നു. പാലക്കാട്, മലമ്പുഴ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇതിൽ പാലക്കാട് ഒഴികെയുള്ള മൂന്നിടത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ എൻ.ഡി.എ വോട്ടുവിഹിതം വർദ്ധിപ്പിച്ചിട്ടുമുണ്ട്.

 നേരത്തെയിറങ്ങി കളംപിടിച്ച് ഇടതുസ്ഥാനാർത്ഥികൾ

രണ്ടാം തുടർഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിച്ച് കളം നിറയുകയാണ്. മുന്നണിയുടെ ഐക്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയും അരക്കിട്ടുറപ്പിച്ചുള്ള പ്രചാരണങ്ങൾക്കാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ ഇതിനോടകം എൽ.ഡി.എഫ് പ്രവർത്തക കൺവെൻഷനുകൾ പൂർത്തിയാക്കി. മണ്ഡലം കൺവെൻഷനുകൾ ഇന്നലെ മുതൽ ആരംഭിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഞായർ വൈകിട്ടുതന്നെ മണ്ഡലങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത് സ്ഥാനാർഥികളുമായി റോഡ് ഷോ നടത്തി. വ്യാപകമായി ചുവരെഴുത്തും നിറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ മാത്രമാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്. ഇവിടെ ഹോട്ടൽ വ്യവസായി എൻ.എം.ആർ ഗ്രൂപ്പിന്റെ ചെയർമാൻ റസാഖിനെ മത്സരിപ്പിക്കുമെന്നാണ് സൂചന.

 സ്ഥാനാർത്ഥി നിർണയം പൂർത്തിയാകാതെ യു.ഡി.എഫ്

വിധിയെഴുത്തിന് ദിവസങ്ങൾ മാത്രമിരിക്കെ യുഡിഎഫിൽ സീറ്റ് വിഭജനംപോലും പൂർത്തിയാകാത്തത് തലവേദനയാണ്. പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, നെന്മാറ, കോങ്ങാട് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ വ്യാപക അമർഷമുണ്ട്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. സീറ്റ് കിട്ടാതെ ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർക്ക് ഷൊർണൂർ നൽകാൻ ധാരണയായെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. മലമ്പുഴയിൽ ദുർബല സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിക്ക് വോട്ട് മറിക്കാനാണെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്. ആലത്തൂരിൽ സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ടില്ല. പാലക്കാട് സീറ്റിലെ സ്ഥാനാർഥിയെച്ചൊല്ലിയും തർക്കം രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL