SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.55 AM IST

ഇന്ത്യൻ ഓഹരികൾ വീണ്ടും മൂക്കുകുത്തി

vellu
vel

കമ്പനികളുടെ ലാഭക്ഷമതയിൽ നിക്ഷേപകർക്ക് ആശങ്ക

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അതിരൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ വീണ്ടും കനത്ത തകർച്ച നേരിട്ടു.

സെൻസെക്‌സ് 1,097 പോയിന്റ് ഇടിഞ്ഞ് 78,918.90ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 315 പോയിന്റ് നഷ്‌ടത്തോടെ 24,450.45ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത തിരിച്ചടിയുണ്ടായി. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇന്നലെ മൂന്ന് ലക്ഷം കോടി രൂപ കുറഞ്ഞ് 450 ലക്ഷം കോടി രൂപയായി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് വിലയിരുത്തുന്നു. ക്രൂഡ് വിലയിൽ പത്ത് ഡോളറിന്റെ വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഒരു ശതമാനം കുറഞ്ഞേക്കും.

യു.എ.ഇയിലും ഇറാഖിലും ഉൾപ്പെടെ ഇറാൻ ആക്രമണം വ്യാപിപ്പിച്ചതോടെ ജി.സി.സി രാജ്യങ്ങൾ ക്രൂഡോയിൽ, പ്രകൃതി വാതക ഉത്പാദനം ഗണ്യമായി കുറയ്ക്കുകയാണ്. ഇതോടൊപ്പം യുദ്ധം നീണ്ടാൽ ക്രൂഡോയിൽ വില ബാരലിന് 150 ഡോളറിലെത്തുമെന്ന ഖത്തർ ഊർജ മന്ത്രിയുടെ പ്രസ്താവനയും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. സമാധാന ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇന്നലെ ഇറാൻ വ്യക്തമാക്കിയിരുന്നു.

വെല്ലുവിളികൾ

1. ഇന്ധനക്ഷാമം രൂക്ഷമായാൽ വ്യാവസായിക ഉത്പാദന മേഖലകളിൽ നിയന്ത്രണമുണ്ടാകും

2. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം നാണയപ്പെരുപ്പം ഉയർത്താൻ കാരണമാകും

3. ഗൾഫ് പ്രതിസന്ധിയിൽ പ്രവാസി നിക്ഷേപ ഒഴുക്ക് കുറയുമെന്നതിനാൽ രൂപയ്ക്ക് സമ്മർദ്ദമേറും

4. വ്യോമയാന, കയറ്റുമതി, ധനകാര്യ മേഖലയിലെ കമ്പനികളുടെ ലാഭം കുത്തനെ കുറഞ്ഞേക്കും

രൂപ ദുർബലമായി

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസ കുറഞ്ഞ് 91.70ൽ എത്തി. മദ്ധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യങ്ങളാണ് രൂപയ്ക്ക് വെല്ലുവിളി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും സമ്മർദ്ദം ശക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360