
ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബീജിംഗ് സന്ദർശനത്തിനിടെ വിദേശ പ്രതിനിധികളെയും പ്രമുഖ സാങ്കേതികവിദ്യാ മേധാവികളെയും നിരീക്ഷിക്കാന്‍ ചൈന ചാരന്മാരെ നിയോഗിച്ചെന്ന ആരോപണവുമായി പ്രമുഖ സ്വതന്ത്ര വ്ളോഗർ ജെന്നിഫര്‍ സെംഗ്. ബീജിംഗിൽ നടന്ന ഔദ്യോഗിക വിരുന്നില്‍ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന് തൊട്ടുപിന്നില്‍ നിന്ന ഒരു വെയ്ട്രസ് ചൈനീസ് സൈന്യത്തിലെ ഉന്നത പദവിയുള്ള ഒരു സജീവ ഉദ്യോഗസ്ഥയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സെംഗ് ആരോപിച്ചു.
ഇതാദ്യമായല്ല ചൈനക്കെതിരെ സെംഗ് ഇത്തരമൊരു ചാരവൃത്തി ആരോപണം ഉന്നയിക്കുന്നത്. 2023ൽ കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് ഇവർ ആരോപിച്ചിരുന്നു. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കി ഇന്ത്യയെ കുടുക്കുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യമെന്നാണ് അന്ന് അവർ അവകാശപ്പെട്ടത്.
പ്രസിഡന്റ് ട്രംപിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിരുന്നിൽ നിന്നുള്ള രണ്ട് വനിത വെയ്‌റ്റർമാരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെംഗ് ആരോപണം ഉന്നയിച്ചത്. ഈ സ്ത്രീകളുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
"വിസ്ഫോടനാത്മകം! അവർ ആരാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു, ട്രംപിനെ ആദരിക്കുന്ന വിരുന്നിൽ ഇലോൺ മസ്കിന് സമീപം നിന്നത് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗവും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഓണർ ഗാർഡ് സെറിമോണിയൽ ബ്രിഗേഡിലെ ബറ്റാലിയൻ കമാൻഡറുമായ ചെംഗ് ചെംഗ് ആണ്."- ജെന്നിഫര്‍ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ജെന്നിഫര്‍ സെംഗിന്റെ ആരോപണത്തിൽ ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും പാശ്ചാത്യ ലക്ഷ്യങ്ങളെ നിരീക്ഷിക്കാൻ ചൈന ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാറുള്ളതായി സുരക്ഷാ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
മുൻപ് കാലിഫോർണിയയിലെ യുഎസ് രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് ചൈനീസ് ചാരവനിതയായ ഫാംഗ് ഫാംഗ് നടത്തിയ ഹണിട്രാപ്പ് ഓപ്പറേഷൻ ഇതിനൊരു ഉദാഹരണമാണ്. സമാനമായി സാങ്കേതിക വ്യവസായ മേഖലകളിലും നയതന്ത്ര മേഖലകളിലും ചൈനീസ് ചാരന്മാർ നുഴഞ്ഞുകയറുന്നതിനെക്കുറിച്ച് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ മുൻപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |