
ടെഹ്റാൻ: രാജ്യാന്തര സമുദ്രവ്യാപാരത്തിലെ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കുന്നതിനെ കുറിച്ച് ഇറാനും ഒമാനും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. സുരക്ഷിത പാത ഉറപ്പാക്കുന്നതിനായി ‘ഹോർമുസ് സേഫ്’ എന്ന പേരിൽ പുതിയ ബിറ്റ്‌കോയിൻ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയും ഇറാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വലിയ വരുമാനം സമാഹരിക്കാനാണ് ഇറാന്റെ ലക്ഷ്യം. ചില കപ്പലുകളിൽ നിന്ന് ഇതിനകം വൻതുക ഈടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഗതാഗത തടസങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ചർച്ചകൾക്ക് തുടക്കമിട്ടത്. ഹോർമുസിൽ 'സുസ്ഥിരമായ സുരക്ഷയും' സുരക്ഷിതമായ സമുദ്ര ഗതാഗതവും ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഈ നീക്കങ്ങൾക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഈ മേഖലയിലെ ടോൾ പിരിവ് ഒരു സംയുക്ത സംരംഭമാക്കാൻ ആലോചിക്കുന്നതായി യു എസ് മുമ്പ് സൂചിപ്പിച്ചിരുന്നു.
നിലവിലുള്ള ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ നിയന്ത്രിച്ചിരിക്കുകകയാണ്. ഈ സാഹചര്യത്തിലാണ് ക്രിപ്‌റ്റോകറൻസി പ്രതിഫലമായി വാങ്ങി കപ്പലുകൾക്ക് സുരക്ഷിത കടന്നുപോക്ക് അനുവദിക്കുന്ന പദ്ധതിക്ക് ഇറാൻ രൂപം നൽകിയിരിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഏഷ്യയിലേക്കും യൂറോപ്പിലേക്കും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.
ലോകത്തിന്റെ നിർണായകമായ ഊർജ ഇടനാഴിയിൽ ഇത്തരത്തിൽ സ്ഥിരമായ നികുതി സംവിധാനം നടപ്പിലായാൽ അത് ആഗോളതലത്തിൽ എണ്ണവില ഉയരാൻ കാരണമാകും. കപ്പൽ കമ്പനികൾക്ക് ട്രാൻസിറ്റ് ചാർജുകൾ നൽകേണ്ടി വരുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സംവിധാനം ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും ഇടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |