SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

കനലായി സുലൈമാനി !

pic

ടെഹ്‌റാൻ : പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതിന്റെ രോഷം ഇറാനിൽ ആളിക്കത്തുകയാണ്. വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതും പിന്നീട് രാജ്യത്തുണ്ടായ സംഘർഷങ്ങളും ഇറാനിൽ പലരുടെയും മനസിൽ കെടാതെ നിലകൊള്ളുന്ന കനലാണ്. ഇത് കെട്ടടങ്ങും മുന്നേയാണ് ഖമനേയിയെ ഇല്ലാതാക്കിയത്.

 അന്നും ട്രംപ്....

ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായിരുന്ന സുലൈമാനിയുടെ വധം പശ്ചിമേഷ്യയിൽ വൻ സംഘർഷത്തിന് വഴിവച്ചിരുന്നു. 2020 ജനുവരി 3നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ( ട്രംപിന്റെ ഒന്നാം പ്രസിഡൻഷ്യൽ ടേം) ഉത്തരവ് പ്രകാരം ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ സുലൈമാനിയെ വധിച്ചത്. എം.ക്യൂ - 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളും സുലൈമാനി സഞ്ചരിച്ച കാറിനെ തകർത്തു.

ഇറാക്കിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികൾ സുലൈമാനിയുടെ നേതൃത്വത്തിൽ സജീവമായി വികസിപ്പിക്കുന്നതായി യു.എസ് ആരോപിച്ചിരുന്നു. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാക്കിൽ അമേരിക്കൻ, സഖ്യസേനാ സൈനികർ കഴിഞ്ഞിരുന്ന ബേസുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ 2020 ജനുവരി 8ന് ടെഹ്റാനിൽ നിന്ന് കീവിലേക്ക് പറന്നുയർന്ന ഒരു യുക്രെയിൻ എയർലൈൻസ് യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തി. അതിലുണ്ടായിരുന്ന 176 യാത്രക്കാർ കൊല്ലപ്പെട്ടു.

 അൽ അസദ് ആക്രമണം

സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ മിസൈലാക്രമണം നടത്തിയ അമേരിക്കൻ ബേസ് ക്യാമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഐൻ അൽ - അസദ് എയർബേസ് ആയിരുന്നു. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം അൻബർ പ്രവശ്യയിൽ സിറിയൻ അതിർത്തിയിൽ നിന്നും 135 മൈൽ അകലെയാണ് അൽ അസദ് എയർബേസ്.

യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും സൈന്യമാണ് എയർബേസിലുണ്ടായിരുന്നത്. ഐസിസ് തീവ്രവാദികൾക്കെതിരെ ആക്രമണം നടത്താൻ യു.എസ് ഇറാക്ക് സൈന്യത്തെ പരിശീലിപ്പിച്ചതും എയർബേസ് കേന്ദ്രീകരിച്ചാണ്. 2003ൽ ഇറാക്ക് അധിനിവേശ സമയത്ത് അമേരിക്ക തങ്ങളുടെ മിസൈലുകൾ വിക്ഷേപിച്ചിരുന്നത് ഇവിടെ നിന്നാണ്.

അൽ അസദിനെ കൂടാതെ വടക്കൻ ഇറാക്കിന് സമീപമുള്ള എർബിൽ എയർബേസിലും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ ഡെൽറ്റാ ഫോഴ്സ് അടക്കമുള്ള സേനാ വിഭാഗങ്ങളുടെ പല നിർണായക ഓപ്പറേഷനുകളും ആരംഭിച്ചിട്ടുള്ളത് ഇവിടെ നിന്നായിരുന്നു. 100ലേറെ അമേരിക്കൻ സൈനികർക്കാണ് രണ്ടിടങ്ങളിലുമുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360