SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഇറാക്കിൽ യു.എസ് വിമാനം തകർന്ന് 6 മരണം  വെടിവച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യു.എസ്

d

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാക്കിൽ യു.എസിന്റെ സൈനിക വിമാനം തകർന്ന് ആറ് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാക്കിലെ ജോർദ്ദാൻ അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുക്കുന്ന യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന ഭീമൻ ബോയിംഗ് കെ.സി- 135 സ്ട്രാറ്റോ ടാങ്കറാണ് തകർന്നത്. ഇതേ മോഡലിലെ മറ്റൊരു യു.എസ് ടാങ്കർ വിമാനവും ആകാശത്തുണ്ടായിരുന്നു. ഇവ തമ്മിൽ കൂട്ടിയിടിച്ചതാണെന്നും റിപ്പോർട്ടുണ്ട്. രണ്ടാം വിമാനം ഇസ്രയേലിലെ ടെൽ അവീവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ വിമാനത്തിന്റെ വാൽ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്.

അതേസമയം, അപകടകാരണത്തിൽ യു.എസ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ വെടിവച്ചിട്ടതാണെന്ന ഇറാന്റെ വാദം തള്ളി. തങ്ങളുടെ സഖ്യ കക്ഷികളായ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് വിമാനത്തെ വെടിവച്ചിട്ടെന്നാണ് ഇറാന്റെ അവകാശവാദം. യുദ്ധം തുടങ്ങിയ ശേഷം യു.എസിന് നഷ്ടപ്പെടുന്ന നാലാമത്തെ വിമാനമാണിത്. നേരത്തെ മൂന്ന് എഫ് - 15 യുദ്ധവിമാനങ്ങളെ കുവൈറ്റ് അബദ്ധത്തിൽ വെടിവച്ചിട്ടിരുന്നു. യുദ്ധത്തിനിടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 11 ആയി.

# റഷ്യൻ എണ്ണയ്ക്ക് ഇളവ്

യുദ്ധ പശ്ചാത്തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതിനുപിന്നാലെ,​ ഉപരോധം നേരിടുന്ന റഷ്യൻ എണ്ണയ്ക്ക് ഇളവ് പ്രഖ്യാപിച്ച് യു.എസ്. നിലവിൽ കടലിൽ കുടുങ്ങിയിട്ടുള്ള റഷ്യൻ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്ക് 30 ദിവസത്തേക്ക് ഉപരോധങ്ങൾ ചുമത്തില്ലെന്ന് യു.എസ് അറിയിച്ചു. മാർച്ച് 12നോ അതിന് മുമ്പോ പുറപ്പെട്ട റഷ്യൻ കപ്പലുകളിലെ എണ്ണയ്ക്കാണ് ഇളവ്. നേരത്തെ ഇന്ത്യയ്ക്ക് മാത്രമാണ് യു.എസ് ഉപരോധ ഇളവ് അനുവദിച്ചത്. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിലാണ് യു.എസ് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധങ്ങൾ പ്രഖ്യാപിച്ചത്.

# മൊജ്തബാ ഖമനേയി എവിടെ ?

വിവരം നൽകുന്നവർക്ക് യു.എസിന്റെ പാരിതോഷികം

 ഇറാനെ തകർത്തെന്ന വാദം യു.എസ് ആവർത്തിക്കുമ്പോഴും, ഗൾഫ് രാജ്യങ്ങൾക്കും ഇസ്രയേലിനും നേരെ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നു

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയെ പറ്റി വിവരം നൽകുന്നവർക്ക് യു.എസ് 1 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. മൊജ്തബാ ഖമനേയിക്ക് ഫെബ്രുവരി 28നുണ്ടായ വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. മൊജ്തബായ്ക്ക് രൂപമാറ്റം സംഭവിച്ചിരിക്കാമെന്നും അവകാശവാദം

 ഇറാനിൽ യു.എസും ഇസ്രയേലും ചേർന്ന് ഇതുവരെ തകർത്തത് 15,000ത്തിലേറെ ലക്ഷ്യസ്ഥാനങ്ങൾ. ഇറാനിൽ മരിച്ചവരുടെ എണ്ണം 1,800 കടന്നു. ടെഹ്റാനിൽ പാലസ്തീൻ അനുകൂല റാലിയിൽ (അൽ-ഖുദ്സ് ഡേ മാർച്ച്)​ പങ്കെടുക്കാനെത്തിയ സ്ത്രീ മിസൈൽ അവശിഷ്ടം പതിച്ച് മരിച്ചു. അരകിലെ ജനവാസ മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് മരണം. 35 പേർക്ക് പരിക്ക്
 ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ തുടരുന്ന ആക്രമണം രൂക്ഷം. മരണം 770 കടന്നു. 8 ലക്ഷത്തിലേറെ പേർ പലായനം ചെയ്തു. ലെബനന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ബെയ്റൂട്ടിലെത്തി

 ഇറാക്കിലെ കുർദ്ദിസ്ഥാനിൽ സൈനിക ബേസിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു

 തുർക്കിയെ ലക്ഷ്യമാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ പ്രതിരോധ സംവിധാനം തകർത്തു. തുർക്കിക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വരുന്നത് മൂന്നാം തവണ

 സൗദി അറേബ്യയെ ലക്ഷ്യമാക്കിയ 56 ഡ്രോണുകൾ തകർത്തു

 യു.എ.ഇയിൽ ഏഴ് മിസൈലുകളും 27 ഡ്രോണുകളും തകർത്തു. ദുബായ്‌യിൽ ഇന്റർനാഷണൽ ഫിനാൻസ് സെന്ററിലെ ഒരു കെട്ടിടത്തിന് ഡ്രോൺ അവശിഷ്ടം പതിച്ച് കേടുപാട്

 വടക്കൻ ഇസ്രയേലിലെ ഗലീലിയിൽ മിസൈലാക്രമണത്തിൽ 80 പേർക്ക് പരിക്ക്. 300ഓളം വീടുകൾക്ക് കേടുപാട്. ഹൈഫയിൽ മിസൈൽ പതിച്ച് കെട്ടിടത്തിന് നാശനഷ്ടം

 യു.എസിന്റെ എബ്രഹാം ലിങ്കൺ വിമാനവാഹിനിയെ ആക്രമിച്ചെന്ന് ഇറാൻ. തള്ളി യു.എസ്

 സൈന്യം സജ്ജമായാൽ ഹോർമുസിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകുമെന്ന് യു.എസ്

 കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂരേ ഖോജസ്തേ ബാഗർസാദേ (79)​ മരിച്ചിട്ടില്ലെന്ന് ഇറാൻ മാദ്ധ്യമങ്ങൾ. മൻസൂരേ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്


# തെരുവിലിറങ്ങി

ഇറാൻ പ്രസിഡന്റ്

യു.എസ്-ഇസ്രയേൽ ആക്രമണ ഭീഷണികളെ അവഗണിച്ച് ടെഹ്റാനിലെ തെരുവിൽ ജനങ്ങൾക്കൊപ്പം പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അടക്കമുള്ള നേതാക്കൾ. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി അടക്കം നേതാക്കളും പങ്കെടുത്തു. എല്ലാ വർഷവും റമദാനിലെ അവസാന വെള്ളിയാഴ്ച ഇസ്രയേലിനെതിരായി പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള റാലികൾ ഇറാനിൽ നടത്താറുണ്ട്. അൽ -ഖുദ്സ് ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

# വരുന്ന ഒരാഴ്ച ഇറാനെ അതിശക്തമായി ആക്രമിക്കും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# യുദ്ധം തുടങ്ങിയതിന്റെ പേരിൽ യു.എസ് ദുഃഖിക്കുംവരെ തങ്ങൾ പോരാടും.

- അലി ലാരിജാനി,

മേധാവി, ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360