
നെയ്യാറ്റിൻകര: അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിൽ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടമില്ല. അനധികൃത വാഹന പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
കോംപ്ലക്സിന്റെ നടുഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾക്കായുള്ള ബഹുനില മന്ദിരവും, ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിംഗുമാണ്, അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചപ്പോൾ കെട്ടിടത്തിന്റെ പ്ലാനിലുള്ളത്. ക്രമേണ കോംപ്ലക്സിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയപ്പോൾ ഉദ്ദേശിച്ചിരുന്നതിനേക്കാൾ സ്ഥാപനങ്ങളും നിലവിൽ വന്നു.
ചുറ്റും ഏറക്കുറെ കെട്ടിമറയ്ക്കപ്പെട്ടപ്പോൾ താഴത്തെ നിലയിലെ ഇടനാഴികളിൽ പകൽനേരത്തും ഇരുട്ടായി. വ്യാപാര സ്ഥാപനങ്ങൾക്കു ഗുണകരമായേക്കുമെന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കോംപ്ലക്സ് വളപ്പിൽ ഒരു വശത്ത് സ്‌കേറ്റിംഗ് റിങ്ക് നിർമ്മിച്ച് വാടകയ്ക്ക് നൽകി.
വാഹന പാർക്കിംഗ് ഏരിയ എന്ന സങ്കല്പം അതോടെ തീർന്നു.
കോംപ്ലക്സിൽ സൗകര്യമില്ല
മുൻ ഭരണസമിതി ഒരു സ്വകാര്യ ഗ്രൂപ്പിന് പുതിയ കെട്ടിടം മൊത്തമായി വാടകയ്ക്ക് നൽകി. ബഹുനില കെട്ടിടം വ്യാപാര സ്ഥാപനമായി പ്രവർത്തിച്ച് തുടങ്ങിയതോടൊപ്പം കോംപ്ലക്സിന്റെ പ്രവേശന കവാടം മുതൽ ഈ ഗ്രൂപ്പ് തങ്ങളുടെ പാർക്കിംഗ് ഏരിയയാക്കി ഉപയോഗിക്കാൻ ആരംഭിച്ചു. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോടതി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലേയ്ക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യം കോംപ്ലക്സിലില്ല.
ട്രാൻസ്‌പോർട്ട് ഡിപ്പോക്കുള്ളിൽ സംവിധാനമുണ്ട്
ട്രാൻസ്‌പോർട്ട് ഡിപ്പോക്കുള്ളിൽ പേ ആൻഡ് പാർക്ക് സംവിധാനമുണ്ടെങ്കിലും പബ്ളിസിറ്റിയില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്തെ അനധികൃത പാർക്കിംഗ് നഗരസഭയും പൊലീസും സംയുക്തമായി അവസാനിപ്പിച്ചതോടെ പാർക്കിംഗ് ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിലേയ്ക്ക് മാറി.
തിരുവനന്തപുരത്ത് ദിവസവും ജോലിക്ക് പോകുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കണ്ടെത്തിയിരുന്നത് കോംപ്ലക്സ് പരിസരമാണ്. കോംപ്ലക്സിലെ സ്ഥാപനങ്ങളിലേയ്ക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ അനുവദിക്കുന്ന വിധത്തിലുള്ള നടപടി കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |