Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

തണ്ണിമത്തൻ വീട്ടിൽ വിളയിക്കാം

water-melon

ഉള്ളം കുളിരും തണ്ണിമത്തൻ കാണുമ്പോൾ. വേനൽചൂടേറ്റു തുടങ്ങിയാൽ എല്ലാവരുടെയും കണ്ണും മനസും ചെന്നെത്തുന്നത് തണ്ണിമത്തനിലേക്കാണ്. നല്ലൊരു ശീതളപാനീയം എന്നതിനേക്കാൾ ഒരുപാട് ഗുണങ്ങളുള്ള ഒരു മധുരവിഭവം കൂടിയാണ് തണ്ണിമത്തൻ. മണ്ണും കാലാവസ്ഥയും ഒത്തുകിട്ടിയാൽ തണ്ണിമത്തൻ നമുക്ക് വിളയിക്കാവുന്നതേയുള്ളൂ. വേനൽക്കാലത്തെ നല്ല ചൂടും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥയാണ് നല്ലത്. ജലസേചനസൗകര്യം വേണം. കരപ്പാടങ്ങൾ, പുഴയോരങ്ങൾ എന്നിവയാണ് തണ്ണിമത്തൻ കൃഷിക്ക് നല്ലത്. ആഴവും നീർവാർച്ചയുമുള്ള മണൽകലർന്ന പശിമരാശി മണ്ണാണ് വളർച്ചയ്ക്ക് അനുയോജ്യം. ഷുഗർ ബേബി, അസാഹിയ മാട്ടോ എന്നിവയാണ് കേരളത്തിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം.പോളിഹൗസിലും ഇത് കൃഷിചെയ്യാം. ജനുവരി ഫെബ്രുവരിയിൽ കൃഷിയിറക്കുന്നതാണ് കൂടുതൽ നല്ലത്. നിലം കിളച്ച് കട്ട ഉടച്ച് പരുവപ്പെടുത്തുക. വെള്ളരിക്കൃഷിയുടെ രീതിതന്നെ അനുവർത്തിക്കാം. 3045 സെ.മീ. ആഴവും 60 സെ.മീ. വ്യാസവുമുള്ള കുഴിയെടുത്ത് ഇതിൽ കുറച്ച് ഉണങ്ങിയ ചാണകപ്പൊടി ചേർത്ത് മേൽമണ്ണുമായി ഇളക്കിച്ചേർക്കുക. രണ്ടു കുഴികൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം. അഞ്ചു വിത്ത് നടുക.

മുളച്ച് ചെറിയ ഇലകൾ വരുന്ന പ്രായത്തിൽ ആരോഗ്യമുള്ള മൂന്നെണ്ണം നിലനിർത്തുക. തുടർന്ന് പച്ച ചാണകം, കടലപ്പിണ്ണാക്ക് മിശ്രിതം പുളിപ്പിച്ച ലായനി ഉൾപ്പെടെ ജൈവവങ്ങൾ ഇടയ്ക്ക് ചേർക്കുക. രാസവളം ചേർക്കുകയാണെങ്കിൽ നടുമ്പോൾ കുഴിയിൽ 50 ഗ്രാം ഫാക്ടം ഫോസ് ചേർക്കുക. തുടർന്ന് മൂന്നാഴ്ചയിൽ യൂറിയയും പൊട്ടാഷും 100 ഗ്രാം (50 ഗ്രാംവീതം) ചേർക്കുക. പിന്നീട് യൂറിയ ചേർത്തുകൊടുക്കുക. ജൈവവളം മാത്രമാണെങ്കിൽ മേൽപ്പറഞ്ഞ ജൈവവളത്തിനു പുറമെ രണ്ടുമൂന്നു തവണകൂടി ചാണകപ്പൊടി പച്ച ചാണകം, പിണ്ണാക്ക് എന്നിവ ചേർത്തുകൊടുക്കണം. തടത്തിനു ചുറ്റുമുള്ള മണ്ണ് ഇളക്കി തടം വൃത്തിയായി ഒരുക്കുക. വള്ളി വീശിപ്പടരും മുമ്പേ നിലത്ത് ചുള്ളിക്കമ്പോ, വൈക്കോലോ വിരിച്ചുകൊടുക്കണം. കൃത്യമായ ജലസേചനം നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

പല തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയുന്ന വിത്തിനങ്ങൾ വിപണയിൽ ലഭ്യമാണ്. സാധാരണ ഗതിയിൽ മൂന്ന് മാസമാണ് മൂപ്പെത്താൻ വേണ്ടത്. 75 80 ദിവസംകൊണ്ട് വിളവു തരുന്ന ഇനമാണ് അർക്കമുത്തു. പുറംതോട് കടുംപച്ച നിറത്തിലുള്ള അർക്ക ജ്യോതി 90 ദിവസംകൊണ്ട് വിളവുതരും. അർക്കയാണ് ഉൽപ്പാദനത്തിൽ മുമ്പൻ. ഹെക്ടറിന് 80 ടൺ വരെ വിളവുതരും. കുരു ഇല്ലാത്ത ഇനമാണ് അർക്കമധുര.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WATER MELON, GROW, HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY