ആലപ്പുഴ: മാവേലിക്കരയിൽ മകളെ മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറുവയസുകാരിയായ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നാലെ മാവേലിക്കര സബ് ജയിലിൽ വെച്ച് പ്രതി കഴുത്ത് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കറ്റേ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പ്രതിയുടെ നില അതീവഗുതുരമാണെന്നാണ് വിവരം.
മകളുടെ കൊലപാതകത്തിന് പിടിയിലായ പ്രതി പൊലീസ് ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല. അതേസമയം ആറ് വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സൂചന. കൊലയ്ക്കായി പ്രതി പ്രത്യേകം മഴു തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുനർ വിവാഹം മുടങ്ങിയതിൽ പ്രതി നിരാശയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാൾ ആക്രമിച്ചിരുന്നു. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, പതിവായി വീട്ടിലെത്തി ശല്യം ചെയ്‌തതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |