തൃശൂർ: വയനാട് ദുരന്തത്തിൽപെട്ട ജനതയ്ക്ക് നാടകക്കാരും വായനശാലാപ്രവർത്തകരും ചേർന്ന് സഹായം ചെയ്യും. നാടകാവതരണത്തിലൂടെ പണം സമാഹരിക്കാനാണ് ഊരകം എച്ച്.എച്ച്. രവിവർമ വായനശാല ശ്രമിക്കുന്നത്. വായനശാലുടെ സൺഡേ മിററർ പ്രോഗ്രാമിന്റെ ഭാഗമായി നാടകാവതരണത്തിനു വേദിയൊരുക്കും. 'വയനാടിനായി നാടകക്കാരുടെ ഒരു കൈത്താങ്ങ്' എന്ന സാംസ്‌കാരികപരിപാടിയുടെ ഭാഗമായി സുരേഷ് നന്മയും ലത മോഹൻ പാലക്കാടും രചനയും സംവിധാനവും നിർവഹിച്ച 'ഇതും നാം അതിജീവിക്കും' എന്ന നാടകം ഒരു ദിവസം മൂന്ന് സ്ഥലങ്ങളിൽ അരങ്ങേറും. 11ന് തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ അവതരണം 18ന് സമാപിക്കും. 11ന് രാവിലെ 11ന് വല്ലച്ചിറ ചിറവക്ക് യൂണിവേഴ്‌സൽ ക്ലബ് അങ്കണത്തിൽ നാടകസംവിധായകൻ ശശിധരൻ നടുവിൽ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12ന് ചാത്തക്കുടം സെന്ററിലും വൈകിട്ട് ഏഴിന് രവിവർമ വായനശാല അങ്കണത്തിലും നാടകാവതരണം ഉണ്ടാകും. പ്രേക്ഷകരിൽ നിന്നും പിരിച്ചെടുക്കുന്ന തുക 18ന് വൈകിട്ട് ഏഴിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ജില്ലാ ലൈബ്രറി കൗൺസിലിന് കൈമാറും. വാർത്താസമ്മേളനത്തിൽ രവിവർമ വായനശാല പ്രസിഡന്റ് സിബിൻ ടി.ചന്ദ്രൻ, സെക്രട്ടറി സലജ സദൻ, സുരേഷ് നന്മ, ലത മോഹൻ പാലക്കാട്, ചാക്കോ ഡി. അന്തിക്കാട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |