അങ്കോള (ഉത്തര കർണാടക): മണ്ണിടിച്ചിലിൽ കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് തിങ്കളാഴ്ച ഗോവയിൽ നിന്ന് ഡ്രെഡ്ജറെത്തിക്കും. ഇതിനായി അമ്പത് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. ഇന്നലെ ഐ.ബിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്നലെ രാവിലെ എട്ട് മണി മുതൽ മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മൽപ്പെയും പത്തിനുശേഷം നാവിക സേനയും ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം, ഗിയർ ബോക്സിലെ രണ്ട് പൽ ചക്രം, മരങ്ങൾ ബന്ധിപ്പിച്ചിരുന്ന കയറുകൾ എന്നിവ കണ്ടെത്തി. ഉച്ചയോടെ ലോറിയുടെ മഡ്ഗാർഡെന്ന് തോന്നിക്കുന്ന വലിയ ലോഹ ഭാഗവും കിട്ടി. പഴക്കമുള്ളതിനാൽ ഇത് അർജുന്റെ ലോറിയുടേതല്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ലോറി ഉടമ മനാഫ് പറഞ്ഞു. ഒലിച്ചു പോയ ടാങ്കർ ലോറിക്ക് 10 വർഷത്തെ പഴക്കമുണ്ട്. ലോഹ ഭാഗം ആ ലോറിയുടേതാകാമെന്നും അദ്ദേഹം പറഞ്ഞു. ലോഹഭാഗം പരിശോധിക്കാൻ കമ്പനിയിലേക്ക് അയച്ചിട്ടുണ്ട്. നാവികേ സേന കണ്ടെത്തിയ കയർ അർജുന്റെ വാഹനത്തിലേതാണെന്നും താനാണ് വാങ്ങി നൽകിയതെന്നും മനാഫ് സ്ഥിരീകരിച്ചു. ലോറിയുടെ ഹൈഡ്രോളിക് ജാക്കി കിട്ടിയ 100 മീറ്റർ ദൂരത്തിൽ നിന്നാണ് ലോഹഭാഗം കണ്ടെത്തിയത്.
ദൗത്യം ഇനി നാളെ
ഷിരൂർ ഗംഗാവലി പുഴയിൽ ഇനി തിരച്ചിൽ ദൗത്യം നാളെ ആണ് ഉണ്ടാവുക. സ്വാതന്ത്ര്യ ദിനം കണക്കിലെടുത്താണ് ഇന്നത്തെ തെരച്ചിൽ ഒഴിവാക്കിയതെന്ന് കർണ്ണാടക ഫിഷറീസ് മന്ത്രി മംഗള വൈദ്യ അറിയിച്ചു.
അതേസമയം ഇന്നലെ വൈകുന്നേരം ആറോടെ നേവിയുടെ സ്കൂബ ഡൈവേഴ്സ് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഈശ്വർ മൽപ്പെ എന്നിരുമായി ഗംഗാവലിയിൽ ആശയവിനിമയം നടത്തി. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘവും ഒപ്പമുണ്ടായിരുന്നു. നാവികസേനയെ തിരച്ചിലിൽ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |