കൊല്ലം: കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ വരുമാനത്തിൽ 50 ഇരട്ടിയിലേറെ വർദ്ധനവുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പരിമിതം. കഴിഞ്ഞ വർഷം ജൂണിലാണ് കെ.എസ്.ആർ.ടി.സി കൊമേഴ്‌സ്യൽ വിഭാഗത്തിന്റെ കീഴിൽ കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് പ്രവർത്തനം ആരംഭിച്ചത്.
പദ്ധതി ആരംഭിച്ച സമയത്ത് കൊറിയർ കൗണ്ടറുകളിൽ ട്രാക്കിംഗ്, മെസേജ് സംവിധാനങ്ങൾ, ഫോൺ കണക്ഷൻ, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അധിക സ്ഥലങ്ങൾ എന്നിവ ഡിപ്പോകളിൽ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. വരുമാനത്തിലും കൊറിയറുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടെങ്കിലും ഈ സൗകര്യങ്ങൾ ഇല്ലാത്തത് പലപ്പോഴും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിലവിലെ സോഫ്ട് വെയർ ഉപയോഗിച്ച് ബില്ലിംഗ് മാത്രമാണ് സാദ്ധ്യമാകുന്നത്.
കൊറിയർ അയയ്ക്കുന്ന ഉപഭോക്താക്കൾക്ക് പാഴ്‌സൽ എവിടെയെത്തിയെന്ന് അറിയാൻ സാധിക്കുന്ന ട്രാക്കിംഗ് സംവിധാനം എത്രയും വേഗം ഉൾപ്പെടുത്തണമെന്ന ആവശ്യമുണ്ട്. വിതരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ചാൽ അതത് ജില്ലയിലെ ചുമതലയുള്ള ജീവനക്കാരുടെ നമ്പർ നൽകുകയാണ് ചെയ്യുന്നത്. സോഫ്ട് വെയർ തകരാർ മൂലം പലപ്പോഴും മിക്ക ഡിപ്പോകളിലെയും കൊറിയർ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ടനിരയുണ്ടാവും.
അഞ്ച് കോടിയാണ് സംസ്ഥാന തലത്തിലെ നിലവിലെ വരുമാനം. ദിനംപ്രതി രണ്ട് ലക്ഷം രൂപ കൊറിയറിൽ നിന്ന് കെ.എസ്. ആർ.ടി.സിക്ക് ലഭിക്കുന്നുണ്ട്. ഈ ഒരുവർഷത്തിനിടെ 15ലക്ഷം പാഴ്‌സലുകളും കൊറിയറുകളുമാണ് സംസ്ഥാനത്താകെ കൈമാറിയത്. വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനം ജില്ലയ്ക്കാണ്. ജില്ലയിൽ ഒരുദിവസത്തെ വരുമാനം 30,000 രൂപയ്ക്ക് മുകളിലുണ്ട്. സ്വകാര്യ കൊറിയർ കമ്പനികളേക്കാൾ 30 ശതമാനം നിരക്ക് കുറവാണ് കെ.എസ്.ആർ.ടി.സി സർവീസിന്.
സ്ഥല പരിമിതി വിഷയം
കൗണ്ടറുകളിലെത്തുന്ന കൊറിയറുകൾ സൂക്ഷിക്കാൻ സ്ഥലം തികയുന്നില്ലെന്നതാണ് ജീവനക്കാർ നേരിടുന്ന പ്രതിസന്ധി. ബസുകളിൽ കയറ്റി വിടുന്നതും ജില്ലയിലേക്ക് വരുന്നതുമായ സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല. സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്. എസ്.എം.എസ് സംവിധാനവും ജീവനക്കാർക്ക് ഇൻസെന്റീവും ബസുകളിൽ കൊറിയർ ബോക്സുകളും കൂടുതൽ ലോജിസ്റ്റിക്‌സ് വാനുകളും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
ഓണപ്രതീക്ഷ തെറ്റുമോ?
ഓണക്കാലത്ത് കൂടുതൽ സാധനങ്ങൾ കൊറിയർ കൗണ്ടറുകളിലെത്തും
അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ബുദ്ധിമുട്ടാവും
ഓണക്കാല പ്രതീക്ഷ ഒന്നരക്കോടി രൂപ
അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |